SignIn
Kerala Kaumudi Online
Friday, 23 October 2026 12.25 AM IST

ഹൈക്കോടതിയിൽ അസാധാരണ പ്രതിഷേധം: ജഡ്ജിക്കെതിരെ അഭിഭാഷകർ

READ ENGLISH VERSION

highcourt

# അഭിഭാഷകയെ അപമാനിച്ചെന്ന്,​ സിറ്റിംഗ് മുടങ്ങി

# തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന് അഭിഭാഷകർ

കൊച്ചി: ജസ്റ്റിസ് എ. ബദറുദ്ദീൻ കേസ് പരിഗണിക്കെ അഭിഭാഷകയെ അധിക്ഷേപിച്ചെന്നാരോപിച്ച് ഹൈക്കോടതിയിൽ പ്രതിഷേധം. ബദറുദ്ദീന്റെ ബെഞ്ചായ '1 ഡി"യിൽ ഇന്നലെ സിറ്റിംഗ് മുടങ്ങി. മറ്റു കോടതികൾ പ്രവർത്തിച്ചു. തുറന്ന കോടതിമുറിയിൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ ജസ്റ്റിസ് ബദറുദ്ദീന്റെ കോടതി ബഹിഷ്‌കരിക്കുമെന്നറിയിച്ച് ഹൈക്കോർട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്തു നൽകി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അഭിഭാഷകരെ തിങ്കളാഴ്ച ചർച്ചയ്ക്ക് വിളിച്ചു.

വ്യാഴാഴ്ചയാണ് പരാതിക്ക് കാരണമായ സംഭവമുണ്ടായത്. ജനുവരിയിൽ മരിച്ച അഭിഭാഷകന്റെ ഭാര്യയായ അഭിഭാഷകയോട് സാഹചര്യം മനസിലാക്കാതെ പ്രതികരിച്ചതാണ് പ്രശ്നമായത്. ഭർത്താവ് വാദിച്ചിരുന്ന കേസിൽ പുതിയ വക്കാലത്ത് നൽകാൻ കോടതിയോട് സമയം തേടിയെങ്കിലും അനുവദിച്ചില്ല. വാദം നടത്താൻ ആവശ്യപ്പെട്ടു. ആരാണ് മരിച്ച അഭിഭാഷകനെന്നും ചോദിച്ചു. അതുകേട്ട അഭിഭാഷകയ്ക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാൽ പുതിയ വക്കാലത്തിന് ജൂലായ് 14വരെ സമയം അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

മദ്ധ്യസ്ഥശ്രമം വിജയിച്ചില്ല

ഇന്നലെ കോടതി ചേരുംമുമ്പ് അഭിഭാഷക സംഘടന അടിയന്തര ജനറൽ ബോ‌ഡിയോഗം ചേർന്നു. ജസ്റ്റിസ് ബദറുദ്ദീൻ ചേംബറിൽവച്ച് ക്ഷമാപണത്തിന് സന്നദ്ധനായിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം അറിയിച്ചു. എന്നാൽ അംഗങ്ങൾ അംഗീകരിച്ചില്ല. ജസ്റ്റിസിനെ പ്രതിഷേധമറിയിക്കാൻ കോടതി മുറിയിലേക്ക് കൂട്ടമായെത്തി. കോടതി മുറിയിൽനിന്ന് വിട്ടുനിന്ന ജഡ്ജി 11 മണിയോടെ സിറ്റിംഗ് നടത്തുന്നില്ലെന്ന് അറിയിച്ചു. അനിവാര്യമായ ഹർജികൾ മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയെന്ന് അറിയിപ്പ് വന്നു. അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ഭാരവാഹികളുമായി ചീഫ് ജസ്റ്റിസ് ചർച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല. തുറന്ന കോടതിയിൽ മാപ്പു പറയാത്തപക്ഷം നിയമപരമായി നീങ്ങുമെന്ന് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ വ്യക്തമാക്കി.

ഫെബ്രുവരിയിലും പരാതി നൽകി

ജസ്റ്റിസ് ബദറുദ്ദീൻ അപമാനിക്കുന്നതായി കഴിഞ്ഞവർഷം ഫെബ്രുവരിയിലും അഭിഭാഷകർ പരാതി നൽകിയിരുന്നു. ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകണം. കോടതി നടപടികളുടെ വീഡിയോ റെക്കാഡിംഗ് വേണം. കൊല്ലം മൈലക്കാട് സ്വദേശിയായ ജസ്റ്റിസ് ബദറുദ്ദീൻ ജില്ലാജഡ്ജിയായിരിക്കേ 2021 ജൂൺ 25നാണ് ഹൈക്കോടതി അഡിഷണൽ ജഡ്ജിയായത്. 2023 ജനുവരി 25ന് സ്ഥിരം ജഡ്ജിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA