SignIn
Kerala Kaumudi Online
Friday, 24 July 2026 7.14 AM IST

ദുരിതാശ്വാസ നിധിയിൽ ഏറ്റവും കൂടുതൽ പണമെത്തിയത് ഒന്നാം പിണറായി സ‌‌ർക്കാരിന്റെ കാലത്ത്, സാലറി ചലഞ്ചിലെയടക്കം തുക ചെലവാക്കിയത് പലവഴിയ്ക്ക്

pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെന്ന് റിപ്പോർട്ട്. കൊവിഡ്, പ്രളയ കാലങ്ങളിലായി ദുരിതാശ്വാസ നിധിയിൽ എത്തിയത് 5744.89 കോടി രൂപയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നിധിയിലെത്തിയ തുകയിൽ 3096.33 കോടി രൂപ ജനങ്ങളിൽ നിന്ന് നേരിട്ട് സമാഹരിച്ചതാണ്. സാലറി ചലഞ്ചിലൂടെ 1229.89 കോടി രൂപയും സ‌‌ർക്കാ‌ർ വാങ്ങിയെടുത്തു. എന്നാൽ ഈ തുക പൂർണമായും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കല്ല സർക്കാർ വിനിയോഗിച്ചത്. സപ്ളൈകോയ്ക്ക് ഓണച്ചെലവിന് ആവശ്യമായി വന്ന തുകയും സഹകരണ വകുപ്പിന്റെ ഭവന പദ്ധതിക്കുമെല്ലാം തുക വകയിരുത്തിയത് ദുരിതാശ്വാസ നിധിയിൽ നിന്നായിരുന്നു.

കൂടാതെ, ഫിഷറീസ് വകുപ്പിന് ചുമതലയുള്ള മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പുനഃരധിവാസ പദ്ധതി, ചെറുകിട വ്യവസായികൾക്ക് വ്യവസായ വകുപ്പ് നൽകേണ്ട സഹായ പദ്ധതികൾ, പാഠപുസ്‌തകങ്ങളുടെ അച്ചടി തുടങ്ങിയവയ്ക്കും പണം കണ്ടെത്തിയത് ദുരിതാശ്വാസ നിധിയിൽ നിന്നായിരുന്നു.

ഇതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയെന്ന പരാതി ലോകായുക്തയുടെ മുന്നിലും എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങൾക്ക് ചട്ടവിരുദ്ധമായി നൽകിയെന്നാണ് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ ആരോപിക്കുന്നത്.

എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും എതിരെയാണ് കേസ്. ഇത് ലോകായുക്ത തള്ളിയിരുന്നു. ലോകായുക്ത ഉത്തരവിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഹർജിക്കാരനായ ആർ.എസ്. ശശികുമാർ വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, FIRST PINARAYI GOVERNMENT, DISASTER MANAGEMENT FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA