SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ഇറാൻ സമാധാന ചർച്ച ഇന്ന്: യുദ്ധത്തിൽനിന്ന് തലയൂരാൻ യു.എസ്  ലെബനനിലെ ആക്രമണം വെല്ലുവിളി

iran

വാഷിംഗ്ടൺ: സമാധാന ചർച്ച ഇന്ന് തുടങ്ങാനിരിക്കെ, ഇറാനെതിരായ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി കണ്ടെത്തണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഇറാനും യു.എസും തമ്മിലുള്ള ചർച്ച. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ ഇസ്രയേൽ തുടരുന്ന ആക്രമണം സമാധാന ചർച്ചയ്ക്ക് തിരിച്ചടിയാവുമെന്ന് ആശങ്കയുണ്ട്.

ട്രംപിന്റെ അഭ്യർത്ഥന വകവയ്ക്കാതെയാണ് ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നത്. അഷ്ദോദിലെ ഇസ്രയേലി നേവൽ ബേസിന് നേരെ ഹിസ്ബുള്ളയും ആക്രമണം നടത്തി. ഇറാനിലെ വെടിനിറുത്തൽ നിലവിൽ വന്നശേഷം ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ലെബനനിൽ ആക്രമണം തുടർന്നാൽ ചർച്ചയ്ക്ക് തയ്യാറാകില്ലെന്നാണ് ഇറാന്റെ നിലപാട്. ലെബനീസ് സർക്കാരുമായി പ്രത്യേക ചർച്ച നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പരസ്യമായി ഉന്നയിക്കുന്ന ആവശ്യങ്ങളും യു.എസിന്റെയും സഖ്യ കക്ഷിയായ ഇസ്രയേലിന്റെയും ആവശ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ല.

വാൻസിനെ കൂടാതെ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നർ എന്നിവരും യു.എസ് സംഘത്തിലുണ്ട്.

പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാൻ സംഘത്തെ നയിക്കും. യു.എസും ഇറാനും നേരിട്ടാണോ പരോക്ഷമായാണോ ചർച്ച നടത്തുക എന്നത് വ്യക്തമല്ല. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇരുകൂട്ടരുമായും പ്രത്യേക ചർച്ചകൾ നടത്തും.


``ഇറാൻ വിശ്വാസത്തോടെ പ്രവർത്തിച്ചാൽ അവരുമായി സഹകരിക്കും. എന്നാൽ അവർ യു.എസിനെ മുതലെടുക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാനാകില്ല.``

- ജെ.ഡി വാൻസ്,

വൈസ് പ്രസിഡന്റ്, യു.എസ്


 ഇറാൻ വീഴ്ച വരുത്തി: ട്രംപ്


ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ ഇറാൻ വീഴ്ച വരുത്തിയെന്ന് ട്രംപ്. തങ്ങളുടെ അനുമതി ലഭിക്കാതെ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ തകർക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നശേഷം 18 കപ്പലുകൾ ഹോർമുസ് കടന്നു.

 ഡ്രോൺ വെടിവച്ചിട്ടു ?


ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ച് യു.എസിന്റെ എം.ക്യു - 4 സി ട്രൈ​റ്റൺ നിരീക്ഷണ ഡ്രോൺ അപ്രത്യക്ഷമായെന്ന് റിപ്പോർട്ട്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പേർഷ്യൻ ഉൾക്കടലിന് മുകളിൽ ഇറാനെ ലക്ഷ്യമാക്കി പറന്ന ഡ്രോൺ, അല്പം തിരിഞ്ഞശേഷം പെട്ടെന്ന് താഴേക്ക് പതിച്ചെന്നാണ് റിപ്പോർട്ട്. ഇറാൻ വെടിവച്ചിട്ടതാണോ, അതോ സാങ്കേതിക തകരാർ മൂലം തകർന്നതാണോ എന്ന് വ്യക്തമല്ല. യു.എസ് പ്രതികരിച്ചിട്ടില്ല. 20 കോടി ഡോളറിലധികം വിലവരുന്ന ട്രൈ​റ്റൺ, യു.എസ് സൈന്യത്തിന്റെ കൈവശമുള്ള ഏ​റ്റവും വിലയേറിയ ഡ്രോണുകളിലൊന്നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA