SignIn
Kerala Kaumudi Online
Thursday, 22 October 2026 10.40 AM IST

83ലെ ചുറുചുറുക്കിന് ജേക്കബിന്റെ ഒറ്റമൂലി സ്വർണംനേടാൻ സ്വീഡനിലേക്ക് 

READ ENGLISH VERSION
pic

കൊച്ചി: നേട്ടങ്ങൾ കൊയ്യാനുള്ള ഒറ്റമൂലി എന്താണ്?​ ചോദ്യം പിറവം മുൻ എം.എൽ.എ എം.ജെ. ജേക്കബിനോടാണെങ്കിൽ ഉത്തരമിങ്ങനെ: ദൃഢനിശ്ചയം. അതാണ് മുഖ്യം. ഭക്ഷണം മിതവും വ്യായാമം കൃത്യവുമായാൽ ശരീരം എന്തിനും വഴങ്ങും. പ്രായം വഴിമാറിനിൽക്കും. 83 വയസായ ജേക്കബ് സ്വന്തം ജീവിതം സാക്ഷ്യപ്പെടുത്തിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൂത്താട്ടുകുളം കാക്കൂർ കാളവയലിലെ വീഴ്ചയിൽ കാലൊടിഞ്ഞതോടെ വീട്ടിൽ വിശ്രമത്തിലായിരുന്ന എം.ജെ. ജേക്കബ് പതിറ്റാണ്ടുകൾക്കു ശേഷം കായികരംഗത്ത് വീണ്ടും ചുവടുറപ്പിച്ചത് ലോകകിരീടങ്ങൾ ചൂടിക്കൊണ്ടാണ്. 83-ാം വയസിൽ അടുത്ത ലക്ഷ്യവും കുറിച്ചുകഴിഞ്ഞു. ആഗസ്റ്റിൽ സ്വീഡനിൽ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ ഹർഡിൽസിലും ലോംഗ്ജമ്പിലും സ്വർണം നേടുക. 1974ൽ വാങ്ങിയ ബുള്ളറ്റ് ബൈക്കിലാണ് ഇപ്പോഴും യാത്ര.
യൂണിവേഴ്സിറ്റിയിൽ ഹർഡിൽസ് ചാമ്പ്യനായിരിക്കേ, കാക്കൂരിൽ കാളകളെ മത്സരത്തിനായി പരിശീലിപ്പിക്കുമ്പോഴാണ് ജേക്കബിന്റെ കാലൊടിഞ്ഞത്. കായികജീവിതം അവസാനിച്ചെന്ന് സങ്കടപ്പെട്ടെങ്കിലും 2006ൽ എം.എൽ.എയായി എറണാകുളത്ത് മാസ്റ്റേഴ്‌സ് മീറ്റ് മത്സരം ഉദ്ഘാടനം ചെയ്ത് കളിക്കളത്തിൽ മടങ്ങിയെത്തി. ഫ്രാൻസ്, ഓസ്‌ട്രേലിയ, സ്‌പെയിൻ, ഫിൻലൻഡ് ലോക മാസ്റ്റേഴ്‌സ് മത്സരങ്ങളിലും ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, ചൈന, ഫിലിപ്പീൻസ് ഏഷ്യൻ മാസ്റ്റേഴ്‌സ് മത്സരങ്ങളിലും പങ്കെടുത്തു. ഈമാസം ഫിലിപ്പീൻസിൽ നടന്ന 2000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സ്, 80 മീറ്റർ ഹർഡിൽസ് എന്നിവയിൽ സ്വർണവും ലോംഗ് ജമ്പ്, ട്രിപ്പിൾ ജമ്പ് എന്നിവയിൽ വെള്ളിയും നേടിയതാണ് ഒടുവിലത്തെ നേട്ടം.

വഴിമാറി രാഷ്ട്രീയത്തിൽ

വൈദ്യകുടുംബാംഗമായ എം.ജെ. ജേക്കബന് കായികതാരവും സർക്കാരുദ്യോഗസ്ഥനും രാഷ്ട്രീയക്കാരനും ആവാനായിരുന്നു യോഗം. 1961ൽ ആലുവ യു.സി കോളേജിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ യൂണിവേഴ്‌സിറ്റി ചാമ്പ്യനായിരുന്നു. ബിരുദാനന്തര ബിരുദവും എൽ.എൽ.ബിയും നേടി ഫാക്ടിൽ മാനേജരായി. 1979ൽ ഇടത് സ്ഥാനാർത്ഥിയായി തിരുമാറാടി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിതനായപ്പോൾ മാനേജർ തസ്തിക കടമ്പയായി. സീനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് 'സ്ഥാനയിറക്കം" ചോദിച്ചുവാങ്ങി. 15 വർഷത്തെ ഭരണത്തിനിടെ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി തിരുമാറാടി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതൽ 2011വരെ പിറവം എം.എൽ.എയായി.

റിട്ട. അദ്ധ്യാപിക തങ്കമ്മയാണ് ഭാര്യ. സുനിത (ഹയർസെക്കൻഡറി അദ്ധ്യാപിക), സുജിത്ത് (ബിസിനസ്) എന്നിവരാണ് മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MJ JACOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA