
കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
പരോൾ ആനുകൂല്യം പുനഃസ്ഥാപിച്ചു നൽകാനാവില്ലെന്ന് കഴിഞ്ഞദിവസം ജയിൽ ഡയറക്ടർ ജനറൽ ഓഫീസ് ഉത്തരവിട്ടതിന് തൊട്ടു പിന്നാലെയാണ് ജയിൽ മാറ്റം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജയിലിലും പരോളിലും യഥേഷ്ടം വിഹരിച്ചിരുന്ന കൊടി സുനിയെ പൂട്ടാൻ തന്നെയാണ് സർക്കാർ നീക്കം
. തവനൂർ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുധീഷിനെതിരെ സുനിയും സംഘവും ചേർന്ന് മറ്റു തടവുകാരെക്കൊണ്ട് നിർബന്ധിച്ച് വ്യാജ പരാതികൾ എഴുതിച്ച് അയപ്പിച്ചതായി ജോയിന്റ് സൂപ്രണ്ട് നേരിട്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായാണ് ജയിൽ മാറ്റം.
സാധാരണ പരോൾ ആനുകൂല്യം പുനഃസ്ഥാപിച്ചു നൽകാനാവില്ലെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പ്രിസൺസ് (എച്ച്.ക്യു) ബി.ദിനേശ് ഉത്തരവിട്ടിരുന്നു.
നേരത്തേ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് പരോൾ ആനുകൂല്യം റദ്ദാക്കിയിരുന്നു. പിന്നീട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരം ആനുകൂല്യം പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആനുകൂല്യം റദ്ദാക്കി. ഇതിനെതിരെ സുനിയുടെ അമ്മ എൻ.പി. പുഷ്പ നൽകിയ ഹർജിയിൽ, ഹൈക്കോടതി ജസ്റ്റിസ് കെ. ബാബു 2026 മാർച്ച് നാലിന് പുറപ്പെടുവിച്ച വിധിയിൽ പരോൾ അവകാശം സ്ഥിരമായി നിഷേധിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്ന് നിരീക്ഷിച്ചിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരോൾ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന അപേക്ഷ ജയിൽ അധികൃതർ വിശദമായി പരിശോധിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു.
2025 ജൂലായ് 21ന് അനുവദിച്ച പരോളിനിടെ മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധി വിട്ട് കേണിച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലെത്തിയതിനെ തുടർന്നാണ് സുനി അറസ്റ്റിലായതും പരോൾ റദ്ദാക്കിയതും.
ജയിലിനുള്ളിൽ അച്ചടക്ക ലംഘനം, അനധികൃത ഫോൺ ഉപയോഗം, ജയിൽ വിരുദ്ധ പ്രവർത്തനങ്ങൾ, നിരോധിത വസ്തുക്കൾ കൈവശം വച്ചത് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ സുനിക്കെതിരെ നിലനിൽക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |