SignIn
Kerala Kaumudi Online
Sunday, 13 September 2026 12.32 AM IST

സെക്രട്ടറിമാരുടെ ഭാഷ ലോകബാങ്കിന്റേതുപോലെ: കാനം

kanam

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സെക്രട്ടറിമാരുടെ ഭാഷ കുറേവർഷമായി ലോകബാങ്കിനെയും അതുപോലുള്ള ഏജൻസികളുടേതും പോലെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാർ ഉദ്ദേശിക്കുന്നതിന് വിരുദ്ധമായ പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള ശ്രമമാണിത്. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 36ാം വാർഷിക സമ്മേളനം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവലിബറൽ നയങ്ങളുടെ ഭാഗമായി സിവിൽ സർവീസിനെ ചുരുക്കി ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേത്. സ്ഥിരം തൊഴിൽ ഇല്ലാതാവുകയാണ്. ആവശ്യമുള്ളപ്പോൾ ആളുകളെ വച്ച് ജോലി ചെയ്യിപ്പിച്ച ശേഷം അവരെ പറഞ്ഞുവിടുന്ന യൂസ് ആൻഡ് ത്രോ സംസ്കാരം വ്യാപിക്കുന്നു. ഒഴിവുകൾ നികത്താതിരിക്കുന്നതിനൊപ്പം നിലവിലെ ജീവനക്കാരുടെ ജോലിഭാരം വർദ്ധിപ്പിക്കാനാണ് ശ്രമം. ഇത്തരം നയങ്ങൾക്ക് കേരളം ഒരു ബദൽ ആണെങ്കിലും ലോകബാങ്ക് ചെയ്യുന്നതുപോലെ കേരളത്തിലും എന്തുകൊണ്ട് ചെയ്തുകൂടെന്ന് ചിന്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥന്മാർ സെക്രട്ടേറിയറ്റിലുണ്ട്.

ശാസ്ത്ര സാങ്കേതികതയുടെ വളർച്ച സിവിൽ സർവീസിലും ഉണ്ടാവണം. ഉയർന്ന ഉദ്യോഗസ്ഥർ എപ്പോഴും പറയുന്നത് ജീവനക്കാരുടെ ഔട്ട്പുട്ട് വർദ്ധിപ്പിക്കണം എന്നാണ്. എന്നാൽ ആളിനെ ബന്ദിയാക്കിയല്ല ഔട്ട്‌പുട്ട് വർദ്ധിപ്പിക്കേണ്ടത്. സെക്രട്ടേറിയറ്റിൽ അടക്കം അടുത്തിടെ നടപ്പാക്കാൻ തീരുമാനിച്ച പരിഷ്കാരങ്ങളെ കുറിച്ച് ജീവനക്കാർക്ക് ആശങ്കയുണ്ട്. സർവീസ് സംഘടനകളുമായി ചർച്ച ചെയ്തശേഷം പരിഷ്കാരങ്ങൾ നടപ്പാക്കുന്ന ജനാധിപത്യപ്രകിയയാണ് കേരളത്തിന് അഭികാമ്യമെന്ന് അധികാരികൾ മറക്കരുത്. മന്ത്രി ജി.ആർ.അനിൽ മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA