SignIn
Kerala Kaumudi Online
Sunday, 28 June 2026 11.05 AM IST

കണ്ണൂരിൽ കാർ കത്തിയ സംഭവം , ജീരകവെള്ളം പെട്രോളാക്കി, മോട്ടോർവാഹന വകുപ്പിനെതിരെ ട്രോൾ മഴ

k

കണ്ണൂർ: കണ്ണൂരിൽ വ്യാഴാഴ്ച രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കത്തിയ കാറിൽ മൂന്നു കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നുവെന്ന മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെതിരെ ട്രോൾ മഴയും പ്രതിഷേധവും. ഇതു ചില ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസായതോടെ മരിച്ചവരുടെ ബന്ധുക്കളും ആശങ്കയിലായി.

പ്രസവ വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കൊണ്ടുപോകുമ്പോൾ പെട്രോൾ എന്തിനാണെന്നാണ് പലരും ചോദിക്കുന്നത്. ആശുപത്രിയിലേക്ക് മൂന്നു കുപ്പികളിൽ കുടിക്കാൻ കൊണ്ടുപോയ ജീരകവെള്ളത്തെയാണ് പെട്രോളായി ചിത്രീകരിച്ചത്. രണ്ടു കുപ്പി പെട്രോൾ കത്തിയെന്നും ഒരു കുപ്പി ബാക്കിയായെന്നും അതാണ് സാമ്പിൾ പരിശോധനയ്ക്കായി കണ്ടെടുത്തതെന്നുമായിരുന്നു ഇവരുടെ വാദം. ജീരകവെള്ളവും പെട്രോളും തിരിച്ചറിയാത്ത ഉദ്യോഗസ്ഥരാണോ മോട്ടോർ വാഹന വകുപ്പിലെന്നാണ് ജനം ചോദിക്കുന്നത്. ആളിക്കത്തിയ കാറിൽ കത്താതെ പെട്രോൾ ഇരിക്കുമോ എന്ന ചോദ്യത്തിനും മോട്ടോർവാഹന വകുപ്പിന് ഉത്തരമില്ല.

മരിച്ച റീഷയുടെ അച്ഛൻ പറയുന്നത്

കുപ്പികളിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളമെന്ന് മരിച്ച റീഷയുടെ അച്ഛൻ കെ .കെ. വിശ്വനാഥൻ പറഞ്ഞു. 'ആശുപതിയിൽ അഡ്മിറ്റാകാൻ പോകുന്നതിനാൽ രണ്ടു കുപ്പികളിൽ വെള്ളം കരുതിയിരുന്നു. ആ കുപ്പികളുടെ അവശിഷ്ടങ്ങളാകാം കണ്ടെത്തിയത്. മകൾ പ്രസവത്തിനു പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങൾ കരുതിയിരുന്നു. വേറെയൊന്നും കാറിൽ ഉണ്ടായിരുന്നില്ല. പെട്രോൾ എന്തിന് കുപ്പിയിൽ നിറച്ച് കാറിൽ വയ്ക്കണം. വഴിയിൽ എത്രയോ പെട്രോൾ പമ്പുകളുണ്ട്. വീട്ടിനടുത്തും പമ്പുണ്ട്.

അഗ്‌നിരക്ഷാസേനാ ഓഫീസിനു മുന്നിലെത്തിയപ്പോഴാണ് കാറിൽ എന്തോ കരിഞ്ഞ ഗന്ധമുണ്ടായത്. പെട്ടെന്ന് കാറിന്റെ സ്റ്റിയറിംഗിന്റെ അടിയിൽനിന്ന് തീ ഉയരുകയായിരുന്നു. ഉടൻ കാർ നിറുത്തിയ പ്രജിത്ത് എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. പിൻസീറ്റിലിരുന്ന ഞങ്ങൾ ഒരുവിധം ചാടിയിറങ്ങുമ്പോഴേക്കും കാറിനുള്ളിൽ തീപിടിച്ചിരുന്നു. മുന്നിലിരുന്ന രണ്ടുപേർക്കും ഇറങ്ങാൻ സാധിച്ചില്ല. എത്ര ശ്രമിച്ചിട്ടും ഡോർ തുറന്നുകൊടുക്കാൻ ഞങ്ങൾക്കും സാധിച്ചില്ല."

പരിശോധനാ ഫലം വരട്ടെ

കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA