
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. രാജേഷ് കിടപ്പിലായിട്ടു 10 മാസങ്ങൾ പിന്നിട്ടിരിക്കുന്നു. വെല്ലൂർ ആശുപത്രിയിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിൽ എത്തിയതിനുശേഷം ആരോഗ്യ പുരോഗതി മെച്ചമാവുന്നുണ്ടെന്ന് പ്രതാപ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷിന്റെ പുതിയ വിവരങ്ങൾ സുഹൃത്ത് പങ്കുവച്ചത്.
കുറിപ്പിന്റെ പൂർണരൂപം
പ്രിയപ്പെട്ട രാജേഷ് കേശവിന്റെ വിവരങ്ങൾ അറിയുന്നില്ലല്ലോ, ഇടയ്ക്ക് രാജേഷിനെ ഓൺലൈൻ കണ്ടില്ലല്ലോ? ഓകെ ആയോ എന്നിങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്. ഞാൻ ചില വർക്കുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പലരോടും റിപ്ളൈ ചെയ്യാൻ പറ്റാത്തതിൽ ഖേദിക്കുന്നു.
ഇന്നലെ സുരേഷ് ഗോപിയുടെ ബർത്ത്‌ഡേ ആയിരുന്നു. കുറെ വർഷങ്ങളായി ആ ദിവസം രാജേഷും ഞാനും ശാസ്‌തമംഗലത്തെ വീട്ടിൽ പോയി ഒരുമിച്ചു മധുരം പങ്കിടാറുണ്ട്. ഇത്തവണ പോകുമ്പോൾ അവന്റെ കാര്യമാണ് എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്നത്. രാജേഷ് ആശുപത്രിയിൽ ആയതിനു ശേഷം ചികിത്സാ കാര്യങ്ങളിലും, അവനെ വന്നു കാണുന്നതിലും ഏറ്റവുമധികം മുന്നിട്ടുനിന്നത് സുരേഷ് ഗോപി തന്നെയാണ്.
രാജേഷ് കിടപ്പിലായിട്ടു 10 മാസങ്ങൾ പിന്നിട്ടിരിക്കുന്നു. വെല്ലൂർ ആശുപത്രിയിൽ നിന്നും ഇപ്പോൾ തിരുവനന്തപുരത്തു വീട്ടിൽ എത്തിയതിനുശേഷം ആരോഗ്യ പുരോഗതി മെച്ചമാവുന്നുണ്ട്. ഇടയ്ക്ക് ഉണ്ടാകുന്ന പനി, ഇൻഫെക്‌ഷൻ ഒക്കെ ആ പുരോഗതിയെ പിന്നോട്ട് വലിക്കും. വിവിധ തരം തെറാപ്പികൾ കൊടുക്കാൻ പറ്റുന്നത് ഹെൽത്ത് കണ്ടിഷൻ ബെറ്റർ ആകുമ്പോൾ മാത്രമാണ്.
അവൻ കിടപ്പിലാണ് ഇപ്പോഴും. തെറാപ്പിയുടെ ഭാഗമായി എഴുന്നേൽപ്പിച്ചു നിർത്തുന്നുണ്ട്. അതിന്റെ സമയവും എക്സ്റ്റന്റ് ചെയ്തു വരികയാണ്. കൈ കാലുകളുടെ ചലനവും മുൻപത്തെക്കാൾ മെച്ചമാവുന്നുണ്ട്. പക്ഷേ മൂഡ് ശരിയല്ലെങ്കിൽ തെറാപ്പികളോട് ഉള്ള സഹകരണം കുറവാണ്. ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു, ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ പലതും തുടക്കം മുതൽ പഠിപ്പിച്ചു മുന്നോട്ട് പോകുന്ന അവസ്ഥയാണ്.
കഴിഞ്ഞ ദിവസം രമേഷ് പിഷാരടി വിളിച്ചിരുന്നു... മമ്മുക്കയുടെയും ചാക്കോച്ചന്റെയും മഞ്ജു വാര്യരുടെയും ഒക്കെ അന്വേഷണം അറിയിച്ചിരുന്നു. ഒപ്പം ഭാരിച്ച ചികിത്സാ ചിലവുകൾക്ക് താങ്ങായി എന്തെങ്കിലും ഒരു പരിപാടി ചെയ്തു കുറച്ചു ഫണ്ട് സ്വരൂപിക്കാനുള്ള ഒരു ചർച്ചയും നടന്നു.
എല്ലാം നന്നായി വരും. അവനെ പഴയ പോലെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ രാജേഷിന്റെ കുടുംബവും കുറെ നല്ല മനസുകളും അക്ഷീണം പരിശ്രമിക്കുകയാണ്. ഓഫീസിലെ പഴയ സുഹൃത്തുക്കൾ, കോളേജിലെ സഹപാഠികൾ ഒക്കെ ഇടയ്ക്ക് കാണാൻ വരുന്നുണ്ട്. വേറെയും ചില നല്ല മനസുകൾ രാജേഷിനെ സന്ദർശിക്കാറുണ്ട്. പഴയ ഓർമ്മകൾ മാത്രമാണ് ഞങ്ങൾക്ക് അവനോടു ഷെയർ ചെയ്യാനുള്ളത്. രാജേഷ് ഓൺലൈൻ വരാനുള്ള സമയം ആയിട്ടില്ല. അവൻ തിരിച്ചു വരും, എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൂടെ ഉണ്ടായാൽ മതി ഒരു മിറാക്കിൾ ഉണ്ടാവാൻ. ആ കാത്തിരിപ്പിലാണ് ഞാനും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |