SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

സുരേഷ് കുറുപ്പിന്റെ പടിയിറക്കം, പാർട്ടി അവഗണനയ്ക്കുള്ള മറുപടി

READ ENGLISH VERSION
k

കോട്ടയം: എസ്.എഫ്.ഐ പ്രസിഡന്റായും കേരള സർവകലാശാല യൂണിയൻ ചെയർമാനായും 1980കളിൽ സി.പി.എമ്മിൽ ഉദിച്ചുയർന്ന സുരേഷ് കുറുപ്പ് സംസ്ഥാന കമ്മിറ്റിയിൽ പോലും അംഗമാകാതെ കോട്ടയം ജില്ലയിലെ മുൻനിരയിൽ നിന്നും പടിയിറങ്ങി. ഇനി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് കമ്മിറ്റിയംഗമെന്ന നിലയിൽ പേരിനു പാർട്ടിയിൽ തുടരും. തന്നേക്കാൾ ജൂനിയർ നേതാക്കൾ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ എത്തിയിട്ടും അർഹമായ അവസരങ്ങളിലെല്ലാം തഴഞ്ഞതാണ് ഈ പിന്നിറക്കത്തിനു കാരണം. ജില്ലാ ഘടകത്തിൽ നിന്നും ഒഴിവാക്കണമെന്ന കുറുപ്പിന്റെ അഭ്യർത്ഥന പാർട്ടി ജില്ലാ സമ്മേളനം അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ സമ്മേളനത്തിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. അംഗീകരിക്കാത്തതിനാൽ ഇക്കുറി നേരത്തെ കത്തു നൽകി.ശനിയാഴ്ച രാത്രി കുറുപ്പിന്റെ കത്ത്പാർട്ടി നേതൃത്വം ചർച്ച ചെയ്തു. കോട്ടയത്തും എറണാകുളത്തുമായി താമസിക്കുന്ന അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്നും,രേഖാമൂലം ആവശ്യപ്പെട്ടതായതിനാൽ പാർട്ടി ഒഴിവാക്കിയെന്ന പഴി കേൾക്കേണ്ടിവരില്ലെന്നും നേതൃത്വം വിലയിരുത്തി.

അവഗണനയിൽ പ്രതിഷേധിച്ച് ഏറെ നാളായി പാർട്ടി വേദികളിൽ കുറുപ്പ് സജീവമായിരുന്നില്ല. 68കാരനായ കുറുപ്പിന് അനാരോഗ്യമാണെന്ന പ്രചാരണമുണ്ടായെങ്കിലും ഇപ്പോഴുള്ള നേതാക്കളേക്കാൾ ആരോഗ്യം തനിക്കുണ്ടെന്ന് അദ്ദേഹം അടുപ്പക്കാരോട് പ്രതികരിച്ചു.

ലോക്സഭയിലും നിയമസഭയിലുമായി 26 വർഷം ജനപ്രതിനിധിയായിരുന്ന കുറുപ്പ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുതിർന്ന നേതാവെന്ന നിലയിൽ മന്ത്രിയോ നിയമസഭാ സ്പീക്കറോ ആയേക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം പിന്തള്ളപ്പെട്ടു. അന്ന് കോട്ടയം ജില്ലയിൽ നിന്നുള്ള ഏക സി.പി.എം എം.എൽ.എയായിരുന്നു.

തുറുപ്പ് ചീട്ട്

മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ എതിർ രാഷ്ട്രീയക്കാരുടെ പോലും ആദരവ് നേടിയ കുറുപ്പ് യു.ഡി.എഫ് കോട്ടയായ കോട്ടയത്ത് സി.പി.എമ്മിന്റെ തുറുപ്പ് ചീട്ടായിരുന്നു. 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ജയിച്ച ഏക സി.പി.എം പ്രതിനിധിയെന്ന വിശേഷണത്തോടെയാണ് കുറുപ്പിന്റെ പാർലമെന്ററി രംഗത്തെ തുടക്കം. അന്ന് കേരള കോൺഗ്രസിന്റെ ചെയർമാനും സിറ്റിംഗ് എം.പിയുമായ സ്കറിയ തോമസിനെയാണ് കുറുപ്പ് മലർത്തിയടിച്ചത്. കമ്മ്യൂണിസ്റ്റ് വിരുദ്ധർപോലും പാർട്ടി ചിഹ്നത്തിൽ അന്ന് കുറുപ്പിന് വോട്ടു ചെയ്തത് ചർച്ചയായിരുന്നു. ഏഴ് തവണ മത്സരിച്ചപ്പോൾ നാലു തവണയും ലോക്സഭയിലെത്തി. പി.സി.ചാക്കോയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ കുറുപ്പിന് മുന്നിൽ അടിപതറിയിട്ടുണ്ട്.2009ൽ ജോസ് കെ.മാണിയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് തുടർച്ചയായി രണ്ട് തവണ ഏറ്റുമാനൂരിൽ നിന്ന് നിയസഭയിലെത്തി.കുറുപ്പിനെപ്പോലൊരു നേതാവിനെ പാർട്ടി വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെന്ന അഭിപ്രായം നിഷ്പക്ഷമതികളായ അണികൾക്കിടയിൽ ശക്തമാണ്.അവസരങ്ങൾക്കായി ആരുടെയും വാതിലിൽ മുട്ടന്ന പ്രകൃതമായിരുന്നില്ല കുറുപ്പിന്റേത്. കുറുപ്പിനെ ഒപ്പം കൂട്ടാൻ കോൺഗ്രസടക്കമുള്ള പാർട്ടികൾ മുന്നിലുണ്ട്.കുറുപ്പിനെ റാഞ്ചാൻ ആർക്കും കഴിയില്ലെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA