
നിയമഭേദഗതിക്കുള്ള ശുപാർശ മന്ത്രിസഭ തള്ളി
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾ വിദേശത്തും അന്യസംസ്ഥാനങ്ങളിലും ക്യാമ്പസുകൾ ആരംഭിക്കേണ്ടെന്ന് സർക്കാർ. അധികാരപരിധിക്ക് പുറത്ത് സർവകലാശാലകൾക്ക് ക്യാമ്പസുകൾ തുടങ്ങാമെന്ന വ്യവസ്ഥ സർവകലാശാലാ നിയമഭേദഗതി ബില്ലിൽ നിന്ന് മന്ത്രിസഭ ഒഴിവാക്കി.
നേരത്തേ എം.ജി, കാലിക്കറ്റ് സർവകലാശാലകൾക്ക് യു.എ.ഇയിൽ ഓഫ് ക്യാമ്പസ് കേന്ദ്രങ്ങളുണ്ടായിരുന്നു. അധികാര പരിധിക്ക് പുറത്ത് ക്യാമ്പസുകൾ പാടില്ലെന്ന യു.ജി.സി നിർദ്ദേശത്തെതുടർന്ന് ഇവ അടച്ചുപൂട്ടുകയായിരുന്നു. കാലിക്കറ്റ് സർവകലാശാലയ്ക്ക് യു.എ.ഇ, ഒമാൻ, സൗദിഅറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ ഓഫ് ക്യാമ്പസുണ്ടായിരുന്നതാണ്. 2014ലാണ് ഇവ അടച്ചുപൂട്ടിയത്. നിലവിൽ സാങ്കേതിക, ഓപ്പൺ, ആരോഗ്യ സർവകലാശാലകൾക്ക് മാത്രമാണ് അധികാരപരിധി ബാധകമല്ലാത്തത്.
വിദേശമലയാളികൾക്കും വിദേശ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് ഓവർസീസ് ക്യാമ്പസുകളിലൂടെ ലക്ഷ്യമിട്ടത്. ഗൾഫായിരുന്നു ആദ്യലക്ഷ്യം. മറ്റുസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. അതേസമയം, വിവിധ സർവകലാശാലകൾക്ക് വിദേശ സർവകലാശാലകളുമായുള്ള അക്കാഡമിക്, ഗവേഷണ സഹകരണത്തിനും സ്റ്റുഡന്റ്- ഫാക്വൽറ്റി എക്സ്‌ചേഞ്ച് പദ്ധതികൾക്കും തടസമില്ല.
സെനറ്റ്, സർക്കാർ
അനുമതി മതി
അന്യസംസ്ഥാനങ്ങളിലും വിദേശത്തും സെന്ററുകൾ തുടങ്ങാൻ സെനറ്റിന്റെയും സർക്കാരിന്റെയും അനുമതി മതിയെന്ന നിയമഭേദഗതിയായിരുന്നു ബില്ലിൽ ഉണ്ടായിരുന്നത്.
സർവകലാശാലകളുടെ നിയമത്തിൽ പ്രവർത്തനത്തിനുള്ള അധികാരപരിധി നിശ്ചയിച്ചിട്ടുള്ളത് കോളേജുകൾക്ക് അഫിലിയേഷൻ നൽകാൻ മാത്രമാണെന്നാണ് ഭേദഗതിയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |