
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിലടക്കം റോഡുതടഞ്ഞ് സമ്മേളനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിൽ പൊലീസ് സമർപ്പിച്ച മാപ്പപേക്ഷയിൽ ഹൈക്കോടതിക്ക് അതൃപ്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുപറയാവുന്ന സ്ഥിതിയിലല്ല അവരെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് എസ്.മുരളീകൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. പൊലീസ് മൂന്നാഴ്ചയ്‌ക്കകം അധികസത്യവാങ്‌മൂലം സമർപ്പിക്കണം. ചീഫ് സെക്രട്ടറിയും കേസിലെ കക്ഷികളായ രാഷ്ട്രീയക്കാരും സത്യവാങ്മൂലം നൽകണം. വിഷയം മാർച്ച് 3ന് വീണ്ടും പരിഗണിക്കും.
ഉദ്യോഗസ്ഥരുടെ മാപ്പപേക്ഷ പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അഭ്യർത്ഥിച്ചു. കേവലം മാപ്പപേക്ഷകൊണ്ട് കാര്യമില്ലെന്നും ഉള്ളടക്കം തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. നിയമലംഘനം ഇനി അനുവദിക്കില്ലെന്ന് പറയാൻ പൊലീസിനാകുന്നില്ല. ബാലരാമപുരത്തെ സമ്മേളനത്തെ ന്യായീകരിക്കുന്നതാണ് അതിൽ പങ്കെടുത്ത റൂറൽ എസ്.പിയുടെ സത്യവാങ്‌മൂലമെന്നും വിമർശിച്ചു.
വഞ്ചിയൂരിലെ സി.പി.എം സമ്മേളനം, ജോയിന്റ് കൗൺസിലിന്റെ സെക്രട്ടേറിയറ്റ് ധർണ, ബാലരാമപുരത്തെ ജ്വാല വനിതാ ജംഗ്ഷൻ പരിപാടി, കോൺഗ്രസിന്റെ കൊച്ചി കോർപ്പറേഷൻ ധർണ എന്നിവയ്ക്കെതിരെയാണ് കേസ്. മരട് സ്വദേശി എൻ.പ്രകാശിന്റെ ഹർജിയാണ് പരിഗണിക്കുന്നത്.
സർക്കുലർ കൊണ്ട്
ഇനി കാര്യമില്ല
സമ്മേളനങ്ങൾ നടത്താനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ടെങ്കിലും അത് പൊതുനിരത്ത് കൈയേറാനുള്ള ലൈസൻസല്ലെന്ന് ഹൈക്കോടതി
ഫുട്പാത്തുകളിൽ യോഗം നടക്കുമ്പോൾ കാൽനടക്കാർ സുരക്ഷിതമല്ലാതെ നീങ്ങേണ്ടിവരുന്നു. കാഴ്ചപരിമിതർ ഉൾപ്പെടെ ബുദ്ധിമുട്ടുന്നു
വഞ്ചിയൂരിലും കൊച്ചിയിലും ജില്ലാആശുപത്രിയിലേക്ക് വരുന്നവരും കഷ്ടപ്പെട്ടു. സർക്കുലറുകൾ ഇറക്കിയതുകൊണ്ട് ഇനി കാര്യമില്ല
ബിനോയ് വിശ്വമടക്കം
16പേർ ഹാജരായി
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, പൊലീസ് ഉന്നതരടക്കം 16 പേർ ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരായി. ജയചന്ദ്രൻ കല്ലിങ്കൽ(ജോയിന്റ് കൗൺസിൽ), സി.പി.എം നേതാവ് എം.വിജയകുമാർ, എം.എൽ.എമാരായ വി.ജോയ്, കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷൻ, ടി.ജെ.വിനോദ് എം.എൽ.എ, ഐ.പി.എസ് ഉദ്യോഗസ്ഥരായ ജി.സ്പർജൻകുമാർ, പുട്ട വിമലാദിത്യ, കിരൺ നാരായണൻ തുടങ്ങിയവരാണ് ഹാജരായ മറ്റുള്ളവർ.
എം.വി.ഗോവിന്ദൻ
നാളെ ഹാജരാകണം
കോടതിഅലക്ഷ്യക്കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നാളെ വൈകിട്ട് 4ന് നേരിട്ട് ഹാജരാകണം. പാർട്ടി തൃശൂർ ജില്ലാസമ്മേളനം നടക്കുന്നതിനാൽ ഇന്നലെ ഹാജരാകുന്നതിൽ നിന്ന് ഒഴിവ് ചോദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |