
കൊച്ചി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരു നൽകിയത് അന്വർത്ഥമായെന്ന് പഹൽഗാമിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ ഭാര്യയും മകളും പ്രതികരിച്ചു. ''രാവിലെ സംഭവമറിഞ്ഞയുടൻ അമ്മയ്‌ക്ക് വലിയ ആശ്വാസമുണ്ടായതുപോലെ തോന്നി. സിന്ദൂറിനെക്കാൾ അനുയോജ്യമായ വേറൊരു പേരില്ല.""- മകൾ ആരതി പറഞ്ഞു. 'ഇന്ത്യൻ വനിതകളുടെ മനസാണ് ഈ പേരിലൂടെ രാജ്യം പ്രകടമാക്കിയത്. എന്റെ അമ്മ ഷീല രാമചന്ദ്രനെപ്പോലെ സിന്ദൂരം മായ്ക്കേണ്ടി വന്നവർക്ക് നൽകാവുന്ന ആശ്വാസമായി ഓപ്പറേഷൻ സിന്ദൂർ.
ഇന്ത്യയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾക്ക് ഇതാണ് ഉചിതമായ മറുപടി. അടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് മനസിലാകണം. ആ അർത്ഥത്തിലാണ് ഇന്നലെ നടന്ന ഇന്ത്യൻ സൈനികരുടെ പോരാട്ടത്തെ കാണുന്നത്. സൈന്യത്തിന് ബിഗ് സല്യൂട്ട്.
അന്വേഷണ സംഘങ്ങൾ ബന്ധപ്പെടുന്നുണ്ട്. കഴിയാവുന്ന എല്ലാ സഹായവും നൽകും. നിലവിലെ സാഹചര്യത്തിൽ മോക് ഡ്രിൽ നല്ലതാണ്. പഹൽഗാമിൽ എന്തുചെയ്യണമെന്ന് അറിയാതെ അലഞ്ഞ അനുഭവം വച്ചുനോക്കുമ്പോൾ ഇത്തരം പരിശീലനങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ ഉപകാരപ്പെടും. കാശ്മീരിലെ പ്രതിസന്ധിയിൽ സഹായിച്ച ഡ്രൈവർ മുസാഫിറിനോടും ഇന്നലെ സംസാരിച്ചിരുന്നു. ഇതു പോലുള്ള നല്ല മനുഷ്യരാണ് കാശ്മീരിന്റെ ആത്മാവ്." ഇന്ത്യൻ ആക്രമണത്തിൽ മുസാഫിറും സന്തുഷ്ടനാണെന്ന് ആരതി പറഞ്ഞു.
ഇന്ത്യൻ നിലപാടിൽ അഭിമാനം
''പാകിസ്ഥാനിലെ സിവിലിയൻമാരെ തൊടാതെ ഭീകരകേന്ദ്രങ്ങളെ മാത്രം ആക്രമിച്ച ഇന്ത്യൻ നിലപാടിൽ അഭിമാനമുണ്ട്. ഇന്ത്യയുടെ മൂല്യബോധത്തിന് തെളിവാണ് ഈ നടപടി. കാശ്മീരിൽ സന്തോഷത്തോടെ പോയ ഞങ്ങൾ മടങ്ങിയെത്തിയത് ഉണങ്ങാത്ത മുറിവും കണ്ണീരുമായാണ്. അച്ഛനോടും എന്നോടും അവർ ചോദിച്ച വാക്കുകൾ എന്നും പിന്തുടരും. പേരക്കുട്ടികളുടെ മുന്നിൽ വച്ചാണ് അച്ഛന്റെ നേർക്ക് വെടിയുതിർത്തത്. ആ ഭീകരത കുഞ്ഞുങ്ങളെ ഇപ്പോഴും വേട്ടയാടുന്നു.""-ആരതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |