SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.48 AM IST

അപകടത്തിൽപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവം പ്രതിക്കും സുഹൃത്തിനുമെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

s

വിശദമൊഴിയെടുത്ത് പൊലീസ്

ആലപ്പുഴ: അർദ്ധരാത്രിയിൽ വാഹനാപകടത്തിൽപ്പെട്ട യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ വ്യാപാരിക്കും സുഹൃത്തിനുമെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തും. ഭീഷണിപ്പെടുത്തിയതിനും പണം വാഗ്ദാനം ചെയ്തതിനുമാണിത്. യുവതിക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി വിശദമൊഴിയെടുത്തു.

ഉച്ചയ്ക്ക് 12ഓടെ ആരംഭിച്ച മൊഴിയെടുക്കൽ നടപടികൾ വൈകിട്ട് 4.30ഓടെയാണ് പൂർത്തിയായത്. ലൈംഗികാതിക്രമത്തിനു കേസെടുത്ത കായംകുളം പൊലീസ്,​ ഭാരതീയ ന്യായ സംഹിത 35(3) പ്രകാരം മൊഴിരേഖപ്പെടുത്തി വ്യവസ്ഥകൾക്ക് വിധേയമായി പ്രതി സിനിൽ സവാദിനു നോട്ടീസ് നൽകി വിട്ടയച്ചിരുന്നു. അറസ്റ്റ് ചെയ്യാനോ,​ യുവതിയുടെ രഹസ്യമൊഴിയെടുക്കാനോ,​ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനോ തയ്യാറാകാത്ത പൊലീസ് നടപടി പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു.

പുതിയ മൊഴി പ്രകാരം എന്തൊക്കെ വകുപ്പുകൾ കൂടുതലായി ചുമത്താൻ കഴിയുമെന്ന് ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ഡിവൈ.എസ്.പി ബിനുകുമാർ പറഞ്ഞു.

സുഹൃത്തിനെ കൂട്ടുപ്രതിയാക്കും

യുവതിയുടെ ആദ്യത്തെ മൊഴിയിൽ വിട്ടുപോയ വിവരങ്ങളാണ് ഇന്നലെ കൂട്ടിച്ചേർത്തത്. ആശുപത്രിയിലായിരുന്ന യുവതിയെ സിനിൽ സവാദ് സമീപിക്കുകയും പരാതി ഉന്നയിക്കാതെ എത്രയും വേഗം ഇവിടെ നിന്ന് റഫറൻസ് വാങ്ങി നാട്ടിലേക്ക് പോകണമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് 25കാരി പൊലീസിനോട് വെളിപ്പെടുത്തിയത്. അപകടസ്ഥലം മുതൽ കായംകുളം വിട്ടുപോകും വരെ സിനിൽ സവാദിൽ നിന്നും കൂട്ടുകാരനിൽ നിന്നുമുണ്ടായ ഭീഷണികളും യുവതി പൊലീസിനോട് പറഞ്ഞു. മൊഴി നൽകാൻ പൊലീസ് സ്റ്രേഷനിലെത്തിയപ്പോൾ സിനിൽ സവാദിന്റെ സുഹൃത്ത് തന്റെ കൂട്ടുകാരിയോട് പരാതി പിൻവലിക്കാൻ 25 ലക്ഷം രൂപ ഓഫർ ചെയ്തതായും യുവതി വെളിപ്പെടുത്തി. ഈ സുഹൃത്തിനെയും കേസിൽ കൂട്ടുപ്രതിയാക്കും. സംഭവസമയത്തെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇയാളെ തിരിച്ചറിയാനാണ് പൊലീസ് നീക്കം.

ജില്ലാപൊലീസ് മേധാവിയെ കാണും

വൈദ്യപരിശോധനാ നടപടികൾ പൂർത്തിയാക്കാനും ജില്ലാ പൊലീസ് മേധാവിയെ നേരിൽ കാണാനുമായി യുവതി ഉടൻ ആലപ്പുഴയിലെത്തും. സംഭവദിവസം യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത്, പരിശോധിച്ച ഡോക്ടർ, അന്ന് ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്നവർ എന്നിവരുടെ മൊഴികളും ശേഖരിക്കും. യുവതിയുടെ രഹസ്യമൊഴി എടുക്കാൻ ആലപ്പുഴ സി.ജെ.എം കോടതി മാവേലിക്കര മജിസ്ട്രേറ്റിനോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം,​ സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ 15 ദിവസത്തിനകം റിപ്പോർട്ട് കൈമാറാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA