SignIn
Kerala Kaumudi Online
Saturday, 13 June 2026 1.41 AM IST

ശബരിമല സ്വർണക്കൊള്ള: പ്രതികളുടെ  അഭിഭാഷകൻ ദേവസ്വം സ്‌പെഷ്യൽ  പ്ലീഡർ

READ ENGLISH VERSION
d

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ സ്മാർട്ട് ക്രിയേഷൻസിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ കെ.ബി.പ്രദീപിനെ ഹൈക്കോടതിയിൽ ദേവസ്വം ബോർഡുകളുടെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചു.

ഹൈക്കോടതിയിൽ ദേവസ്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന കേസുകളിലാണ് പ്രധാനമായും പ്രദീപ് ഹാജരായിരുന്നത്. മുൻപരിചയം കണക്കിലെടുത്താണ് പ്ളീഡർമാർക്ക് ചുമതല വിഭജിച്ചു നൽകുന്നത്.

പ്രതിക്കുവേണ്ടി വാദിച്ച അഭിഭാഷകനെ സർക്കാർ അഭിഭാഷകനാക്കുന്നത് ശരിയാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതിയുടെ ദൗർബല്യങ്ങൾ അറിയാവുന്ന ആൾ സർക്കാർ അഭിഭാഷകനായത് നല്ല കാര്യമാണെന്നാണ് ദേവസ്വം മന്ത്രി കെ.മുരളീധരൻ പ്രതികരിച്ചത്. കേസിന്റെ ആദ്യഘട്ടത്തിൽ പങ്കജ് ഭണ്ഡാരിക്കും സ്മാർട്ട് ക്രിയേഷൻസിനും വേണ്ടി മാദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നത് കെ.ബി.പ്രദീപായിരുന്നു.

2019 ൽ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസ് ഉടമയും സി.ഇ.ഒയുമായ പങ്കജ് ഭണ്ഡാരി 9-ാം പ്രതിയാണ്.സ്മാർട്ട് ക്രിയേഷൻസിൽ വച്ചാണ് സ്വർണം വേർതിരിച്ചെടുത്തതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും സർക്കാർ അഭിഭാഷകനെ നിയമിക്കാനുള്ള വിവേചനാധികാരം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തിരുന്നുവെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഒരു കാരണവശാലും സ്വർണക്കൊള്ളക്കേസിലെ പ്രതികൾ രക്ഷപ്പെടില്ല. മന്ത്രിസഭയിലെടുത്ത തീരുമാനത്തെ മന്ത്രിക്ക് തള്ളിപ്പറയാൻ കഴിയില്ല. അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ദേവസ്വം വകുപ്പിന് സീനിയർ ഗവൺമെന്റ് പ്ലീഡർ തസ്തിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. പി.കെ.സജീവൻ, പി.കെ.ശാന്തമ്മ എന്നിവരെയും സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ നിയമിച്ച 18 സീനിയർ ഗവൺമെന്റ് പ്ലീഡർമാരെയും 20 ഗവൺമെന്റ് പ്ലീഡർമാരെയും പിരിച്ചുവിട്ടാണ് പുതിയ നിയമനം നടത്തിയത്. മൂന്നു സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെ കൂടാതെ 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാരെയും 19 ഗവൺമെന്റ് പ്ലീഡർമാരെയും നിയമിച്ചിട്ടുണ്ട്. മൂന്നു വർഷമാണ് സ്‌പെഷ്യൽ പ്ലീഡർമാരുടെ കാലാവധി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA