
തിരുവനന്തപുരം: ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ജപ്പാനെ വീഴ്ത്തി, ബ്രസീൽ പ്രീ-ക്വാർട്ടറിലേയ്ക്ക് കടന്നപ്പോൾ അങ്കമാലി മേക്കാട് പെരുമറ്റത്ത് പാറയിൽ സാലു പോളും നാട്ടുകാരും കയ്യടിച്ചത് 'ബ്രസീൽ ഹൗസി"ലിരുന്ന്. ബ്രസീലിനോടുള്ള കടുത്ത ആരാധനയിലാണ് സാലുച്ചേട്ടൻ ടീമിന്റെ ജഴ്സി നിറത്തിൽ വീടൊരുക്കിയത്. പട്ടിക്കൂട് മുതൽ പൂച്ചട്ടി വരെ, പച്ചയും മഞ്ഞയും നിറത്തിൽ അലങ്കരിച്ച വീടിന്റെ എല്ലായിടത്തും ബ്രസീൽ മയം. ചുറ്റുമതിലിലെ ബ്രസീൽ കളിക്കാരുടെ ചിത്രങ്ങളാണ് ആദ്യം ആകർഷിക്കുന്നത്. മതിലിനോട് ചേർന്ന് പടുകൂറ്റൻ ഫുട്ബാളും വീടിന് മുകളിൽ പാറിപ്പറക്കുന്ന ബ്രസീൽ പതാകകളും.ഫുട്ബാൾ ആകൃതിയിലാണ് പൂച്ചട്ടികൾ.
30 വർഷമായി ബ്രസീൽ ആരാധകനായ സാലു പോൾ 2014ലാണ് ഈ വീട് നിർമ്മിച്ചത്. എല്ലാ നാല് വർഷം കൂടുമ്പോഴും 50000 രൂപ ചിലവിൽ നവീകരിക്കും. ക്ലബ് ഫുട്ബാൾ മത്സരങ്ങളിൽ ഒരുകാലത്ത് സജീവമായിരുന്ന സാലു വെറ്ററൻസ് ഫുട്ബാളിൽ കളിക്കുന്നുണ്ട്. സോക്രട്ടീസ്, സീക്കോ,റൊണാൾഡീഞ്ഞോ തുടങ്ങിയവരോടുള്ള ഇഷ്ടം മൂത്താണ് 7-ാം ക്ലാസ് മുതൽ സാലു ബ്രസീൽ ആരാധകനായത്. ട്രാവൽസ് ഉടമയാണ് സാലുപോൾ. സാലുവിന്റെ ഭാര്യ ലതി റിട്ടയേർഡ് അദ്ധ്യാപികയാണ്. മൂത്ത മകൾ എവീന യു.കെയിൽ ജോലി ചെയ്യുന്നു. ഇളയ മകൾ നയന യു.സി കോളേജിൽ പഠിക്കുന്നു. ഇവരും ബ്രസീൽ ആരാധകർ. കടുത്ത ബ്രസീൽ ആരാധകനായിരുന്നിട്ടും മെസ്സിയാണ് സാലുവിന്റെ ഇപ്പോഴത്തെ ഇഷ്ടപ്പെട്ട കളിക്കാരൻ.
ആരാധകർക്കായി ഗ്യാലറിയും
ലോകകപ്പ് തുടങ്ങിയതിൽപ്പിന്നെ നാട്ടുകാരെല്ലാം കളികാണുന്നത് സാലുവിന്റെ വീട്ടിലാണ്. എല്ലാവർക്കും ഒരുമിച്ചിരുന്ന് ഫുട്ബാൾ ആസ്വദിക്കാൻ വമ്പൻ ഗ്യാലറി ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |