
നെടുമ്പാശേരി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട 36 മലയാളികൾ തിരിച്ചെത്തി. നേപ്പാൾ അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ച് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെത്തി,അവിടെ നിന്ന് മുംബയ് വഴി രണ്ടു വിമാനങ്ങളിലായാണ് മടങ്ങിയത്.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ 31 പേർ ഞായറാഴ്ച പുലർച്ചെ 2.11ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി. കാസർകോട് സ്വദേശികളായ അഞ്ചുപേർ ബംഗളൂരുവിൽ വിമാനമിറങ്ങി ട്രെയിനിൽ നാട്ടിലെത്തി. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് സഞ്ചരിക്കവേ, പാലം കടക്കാൻ വാഹനം കാത്തുകിടക്കുമ്പോഴാണ് ദുരന്തം അറിയുന്നത്. വാഹനങ്ങളുൾപ്പെടെ ഒഴുകിവരുന്ന ഭീകരമായ പുഴയാണ് കണ്ടതെന്ന് തിരിച്ചെത്തിയവർ പറഞ്ഞു. വൻമരങ്ങളും കെട്ടിടങ്ങളും നിലംപൊത്തി ഒഴുകിയെത്തുന്നത് കണ്ടു.
വാഹനങ്ങൾ വനമേഖലയിലേക്ക് തിരിച്ചുവിട്ടാണ് തങ്ങളെ അധികൃതർ രക്ഷിച്ചത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വിഷമിച്ചു. വാഹനത്തിൽ ഭക്ഷണമുണ്ടായിരുന്നതിനാൽ പട്ടിണി കിടക്കേണ്ടിവന്നില്ല. കോട്ടയം,കൊച്ചി, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.
മായാതെ
ഭീകരദൃശ്യങ്ങൾ
വൻകെട്ടിടങ്ങളും മരങ്ങളും മറിഞ്ഞുവീഴുന്ന കാഴ്ചകൾ ഭീതിപ്പെടുത്തിയെന്ന് കോട്ടയം സ്വദേശി പ്രദീപ് കുമാർ പറഞ്ഞു. 26ന് തിരുവോണ ദിവസം രാവിലെ ഒമ്പതിനാണ് അപകടസ്‌ഥലത്ത് എത്തിയത്. റോഡ് തടഞ്ഞപ്പോൾ പുറത്തിറങ്ങി. വലിയ പുഴ മരങ്ങളും കെട്ടിടങ്ങളുമായി ഒഴുകിവരുന്നു. ഞങ്ങൾ ഏഴുമണിക്കൂർ അവിടെ കുടുങ്ങി. പിന്നീട് വനത്തിലൂടെ ഏഴു മണിക്കൂർ യാത്ര ചെയ്തതാണ് അടുത്ത ദിവസം ചിത്വാൻ പട്ടണത്തിൽ എത്തിയത്. നിമിഷനേരം കൊണ്ട് പുഴ വലുതാകുന്നത് ഭയാനകമായ കാഴ്‌ചയായിരുന്നെന്ന് ആർപ്പൂക്കര സ്വദേശി വിനയകുമാർ പറഞ്ഞു.
23 അംഗ സംഘം
കാഠ്മണ്ഡുവിൽ
കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 കേരളീയർ ഉൾപ്പെടുന്ന 23 അംഗ സംഘം കാഠ്മണ്ഡുവിൽ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ നിൽക്കുമ്പോഴാണ് ഇവർ പ്രളയത്തിൽപ്പെടുന്നത്. ഇവരെ കോട്ടാരി വഴി 'സേവ' ക്യാമ്പിൽ എത്തിക്കുകയായിരുന്നു. ഇക്കൂട്ടത്തിൽ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുളള ആറംഗ ഡോക്ടർമാരുടെ സംഘവുമുണ്ട്. അതേസമയം, ട്രാവൽ ഏജൻസി വഴി കാഠ്മണ്ഡുവിലേയ്ക്കു പോയ 44 പേരടങ്ങുന്ന മറ്റൊരു സംഘം ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. നിലവിൽ ഗോരക്പൂരിലുള്ള ഇവർ അവിടെ നിന്നും ബസ് മാർഗം ബംഗളൂരുവിലെത്തി. അവിടെ നിന്നും ബസ് മാർഗം ഇന്ന് രാവിലെ ഇവർ കോഴിക്കോട് എത്തിച്ചേരും. പ്രളയത്തെത്തുടർന്നുളള സാഹചര്യത്തിൽ നോർക്ക റൂട്ട്സ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട 52 പേരിൽ 45 പേരും സുരക്ഷിതരാണ്. ഇവർ നേപ്പാളിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നതായും നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ തുടരുന്നതായും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |