SignIn
Kerala Kaumudi Online
Wednesday, 02 September 2026 12.55 AM IST

സ്‌കൂൾ വിദ്യാർത്ഥികളുടെ വിവരശേഖരണം പാടില്ല സർക്കുലറുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

f

തിരുവനന്തപുരം: സ്‌കൂളുകൾ കേന്ദ്രീകരിച്ച് സ്വകാര്യ ഏജൻസികൾ വിവരശേഖരണം നടത്തുന്നതും പരസ്യപ്രചാരണം നടത്തുന്നതും പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. ഇത്തരം ആവശ്യങ്ങൾക്ക് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും അനുമതി നൽകരുതെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് സ്വകാര്യ ഏജൻസികൾ വിവര ശേഖരണം നടത്തുന്നത് കുട്ടികളുടെയും കുടുംബങ്ങളുടെയും സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്നതായി കണ്ടെത്തിയാണ് നടപടി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഫോൺ നമ്പർ, വിലാസം, ആധാർ നമ്പർ മുതലായവ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും ചിലർ വില്പന നടത്തുന്നതായി വിദ്യാഭ്യസ വകുപ്പിന് പരാതി ലഭിച്ചിരുന്നു. പത്താം ക്ലാസിലും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങളാണ് ചോരുന്നത്.

സ്‌കൂളുകളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ,മെഡിക്കൽ, എൻജിനീയറിംഗ് കോഴ്സുകളുടെ പരിശീലനത്തിനായി വിദ്യാർത്ഥികളെ ക്യാൻവാസ് ചെയ്യാനാണ് സ്വകാര്യ കോച്ചിംഗ് സെന്ററുകൾ ഉപയോഗിക്കുന്നത്. അന്യസംസ്ഥാനത്ത് പ്രവർത്തിക്കുന്ന നഴ്സിംഗ് കോളേജുകളിലേക്കുള്ള പ്രവേശനത്തിനായും വിവരങ്ങൾ ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ കോളേജുകളിലെ ഏജൻസികൾ പ്ലസ് ടു വിദ്യാർത്ഥികളെ വീടുകളിൽ സന്ദർശിച്ചാണ് സ്ഥാപനത്തിൽ ചേരാൻ പ്രേരിപ്പിക്കുന്നത്.

തട്ടിപ്പിനായി സെമിനാറുകളും ജോലി വാഗ്ദാനവും

1. സ്‌കൂളുകളിൽ സ്വകാര്യ ഏജൻസികൾ നടത്തുന്ന സെമിനാറുകളുടെ മറവിലും വിവരശേഖരണം നടക്കുന്നുണ്ട്. ചില സ്‌കൂളുകളിൽ റിക്രൂട്ടിംഗ് ഏജൻസികൾ ക്ലാസ് മുറികളിൽ കയറി ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചിരുന്നു.

2. വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉപയോഗിച്ച് പ്രതിരോധ, അർദ്ധസൈനിക വിഭാഗങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചു. സെമിനാർ സംഘടിപ്പിച്ച്, സേനയിൽ ചേരാൻ താത്പര്യമുള്ളവരുടെ വിശദാംശങ്ങൾ ശേഖരിക്കും. ഇതിനുശേഷം പണം ആവശ്യപ്പെടും. ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുന്നു എന്നാണ് ആക്ഷേപം.

സ്വകാര്യ സെമിനാർ പാടില്ല

സ്വകാര്യ ഏജൻസികൾക്ക് ക്ലാസ് മുറിയിൽ കയറുന്നതിനോ സ്‌കൂൾ കോമ്പൗണ്ടിലോ പരിസരത്തോ ക്യാൻവാസ് ചെയ്യുന്നതിനോ അനുമതി നൽകാൻ പാടില്ല. ഒരു തരത്തിലും വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ പാടില്ലെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. ലഘുലേഖ വിതരണവും വിലക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA