
കൊല്ലം: നേപ്പാൾ ദുരന്തത്തിൽ കാണാതായ ഭാര്യ സുനന്ദ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് മണിരാജൻ. സുനന്ദ ഉൾപ്പെട്ട, ലണ്ടനിൽ നിന്നുള്ള 16 അംഗ തീർത്ഥാടക സംഘം നേപ്പാൾ അതിർത്തിയിലുള്ള ഭൂട്ടാൻ എംബസിയിൽ നിൽക്കുമ്പോഴാണ് മിന്നൽപ്രളയമുണ്ടായത്. തിരുവോണനാളിൽ രാവിലെയായിരുന്നു അത്.
കഴിഞ്ഞമാസം 20നാണ് സംഘം യാത്ര ആരംഭിച്ചത്. ലണ്ടനിൽ നിന്നു ഡൽഹി വഴി കാഠ്മണ്ഡുവിലെത്തി അവിടെ നിന്നു ബസിലാണ് ഭൂട്ടാൻ അതിർത്തിയിലെത്തിയത്. തുടർന്ന് കൈലാസ മാനസസരോവറിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ആയിരുന്നു ദുരന്തം. നേപ്പാളിൽ നിന്ന് ഇവർക്കൊപ്പം ചേർന്ന അഞ്ച് ഗൈഡുമാരെയും കാണാതായി. ലണ്ടനിൽ നിന്നു വന്ന 17 പേരിൽ സുനന്ദയും ചിറയിൻകീഴ് സ്വദേശിനിയും മാത്രമായിരുന്നു മലയാളികൾ. ഡൽഹിയിൽ എത്തിയപ്പോൾ ചിറയിൻകീഴ് സ്വദേശിനിക്ക് കാലിൽ നീര് ഉണ്ടായതോടെ യാത്ര ഉപേക്ഷിച്ച് അവിടത്തെ ആശുപത്രിയിൽ ചിത്സതേടി.
തീർത്ഥാടക സംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ 25ന് രാത്രി വരെയുള്ള സന്ദേശങ്ങൾ എത്തിയിരുന്നു. 26ന് രാവിലെ സന്ദേശങ്ങൾ കാണാഞ്ഞതിനെ തുടർന്ന് ചിറയിൻകീഴ് സ്വദേശിനി നേപ്പാളിലേക്ക് പോയവരിൽ പലരെയും ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോഴാണ് ദുരന്ത വാർത്തയറിഞ്ഞത്. ഈ സമയം ദ്വാരക യാത്രയിലായിരുന്നു സുനന്ദയുടെ ഭർത്താവ് മണിരാജൻ. വിവരമറിഞ്ഞ് അദ്ദേഹം നാട്ടിലേക്കു മടങ്ങി. 25ന് രാത്രി സുനന്ദ മക്കളുമായി വാട്സ്ആപ്പിൽ സംസാരിച്ചിരുന്നു.ലണ്ടനിൽനിന്ന് മക്കളും നാട്ടിൽനിന്ന് ബന്ധുക്കളും നേപ്പാളിലേക്ക് പോയിട്ടുണ്ട്.
ജോലി ലണ്ടനിൽ
40 വർഷം മുൻപാണ് പരവൂർ കോങ്ങാൽ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ ലണ്ടനിലേക്ക് പോയത്. അവിടെ ഗാറ്റ്വിക് എയർപോർട്ടിൽ സെക്യൂരിറ്റി ഓഫീസറായിരുന്നു. ഇരവിപുരം മുല്ലത്തറ വീട്ടിൽ മണിരാജൻ 35 വർഷം മുൻപാണ് ലണ്ടനിലെത്തിയത്. 1989ലായിരുന്നു വിവാഹം. ലണ്ടൻ ട്രാൻസ്പോർട്ടിൽ ഉദ്യോഗസ്ഥനായിരുന്ന മണിരാജൻ രണ്ട് വർഷം മുൻപ് വിരമിച്ചു. സുനന്ദയ്ക്ക് രണ്ടരവർഷം കൂടി സർവീസ് ബാക്കിയുണ്ട്. അഞ്ചു മാസം മുൻപ് ബന്ധുക്കളെ സന്ദർശിക്കാനായി മണിരാജൻ നാട്ടിലെത്തി. ലണ്ടനിൽ ഡോക്ടറായ സുമി മണിരാജൻ, ഓഡിയോളജിസ്റ്റ് മീര മണിരാജൻ എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |