
തൊടുപുഴ: അമിത വേഗത്തിൽ നിയന്ത്രണം വിട്ടെത്തിയ ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻഅദ്ധ്യാപിക മരിച്ചു. നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ റിട്ട. അദ്ധ്യാപികയും കേരളകൗമുദി മുൻ ഫോട്ടോഗ്രാഫർ ആർ.വിനയചന്ദ്രന്റെ (ബാബു സൂര്യ) ഭാര്യയുമായ കാപ്പ് ഇടയ്ക്കാട്ടുകയറ്റം പടിഞ്ഞാറേക്കര വീട്ടിൽ എം.എൻ.വിജിമോളാണ് (57) മരിച്ചത്.
ഞായർ വൈകിട്ട് 6.45ന് തൊടുപുഴ- മൂവാറ്റുപുഴ റൂട്ടിൽ മടക്കത്താനം കൊച്ചങ്ങാടിക്ക് സമീപമായിരുന്നു അപകടം. ഏകമകൻ അനുരൂപിനൊപ്പം പിറവത്തെ ബന്ധു വീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അമിതവേഗത്തിൽ തൊടുപുഴയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഗുരുദേവനെന്ന പേരിലുള്ള സ്വകാര്യബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വിജിമോളും മകനും റോഡിലേക്ക് തെറിച്ചുവീണു. 15 മിനിറ്റോളം രക്തം വാർന്നുകിടന്ന ഇരുവരെയും മഞ്ഞള്ളൂർ പഞ്ചായത്തുമെമ്പർ റോബി തടത്തിലിന്റെ നേതൃത്വത്തിലാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജിമോൾ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ രാവിലെയോടെ മരിച്ചു. മകൻ അനുരൂപിന് സാരമായ പരിക്കേറ്റു. വിജി മോൾ കല്ലൂർക്കാട് സരസ്വതി സ്‌കൂളിൽ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ, അൽ- അസർ പബ്ലിക് സ്‌കൂൾ, പുറപ്പുഴ എസ്.എച്ച് പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാല അളനാട് മാളിയേക്കൽ കുടുംബാംഗമാണ്. വാഴക്കുളം പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
കണ്ണുകൾ രണ്ട് പേർക്ക് കാഴ്ചയേകും
വിജിമോളുടെ കണ്ണുകൾ ഇനി രണ്ട് പേർക്ക് കാഴ്ചയേകും. മസ്തിഷ്‌ക മരണം സംഭവിച്ചതിന് പിന്നാലെ വിജിമോളുടെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ മറ്റ് അവയവങ്ങൾ ദാനം ചെയ്യാനായില്ല. നേത്രപടലങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷന് കൈമാറി. കെ -സോട്ടോയാണ് നടപടി ഏകോപിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |