
തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുൻ ഗവർണറുടെ ശുപാർശ അന്വേഷണത്തിനായി
രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറിയാൽ തീരുമാനത്തിന് കാത്തുനിൽക്കാതെ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു രാജിവയ്ക്കുമെന്ന് അഭ്യൂഹം . പി.എസ്.സിയുടെ ഉന്നതങ്ങളിൽത്തന്നെ ഇങ്ങനെയൊരു സംസാരമുണ്ട്. രാജിവച്ചാലും ചെയർമാനും അംഗങ്ങൾക്കും അന്വേഷണത്തിന് വിധേയരാകേണ്ടിവരും.
അന്വേഷണം നടത്തുന്ന പൊലീസും പി.എസ്.സിയും 'ഭായി ഭായി" കളിക്കുകയാണെന്ന ഹൈക്കോടതിയുടെ രൂക്ഷവിമർശനവും അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ അറസ്റ്റിലേക്ക് കടക്കാത്തതെന്തെന്ന ചോദ്യവും ചെയർമാനെ അടക്കം സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. കോടതിയുടെ ഈ പരാമർശവും ഗവർണർ നൽകിയ റിപ്പോർട്ടിലെ ഉള്ളടക്കവും കണക്കിലെടുത്ത് സുപ്രീംകോടതിയുടെ അന്വേഷണം രാഷ്ട്രപതി ആവശ്യപ്പെടുമെന്ന് പി.എസ്.സിയും കരുതുന്നു. ചെയർമാൻ എം.ആർ.ബൈജുവിന്റെ ഏകപക്ഷീയമായ പ്രവൃത്തികളാണ് പി.എസ്.സിയെ ഇത്തരമൊരു ഘട്ടത്തിൽ എത്തിച്ചതെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം.
ക്രമക്കേടുകളെ കുറിച്ച് വ്യക്തമായ ധാരണ കിട്ടുകയും അന്വേഷണം ഇഴയുകയും ചെയ്തതോടെയാണ് കടുത്ത നടപടിയിലേക്ക് ഗവർണർ കടന്നത്.
പി.എസ്.സി മെമ്പർമാരെ തീരുമാനിക്കുന്നതിൽപോലും കച്ചവടം നടന്നുവെന്ന ആരോപണവും ഗവർണറെ അതൃപ്തനാക്കിയിരുന്നു.
ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന്റെ മേധാവി ഐ.ജി.അജീതാ ബീഗത്തെയും ഡി.ജി.പി റവാഡ ചന്ദ്രശേഖറെയും പി.എസ്.സി സെക്രട്ടറി സാജു ജോർജിനെയും ഓഗസ്റ്റിൽ ലോക്ഭവനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിരുന്നു.
എസ്.ഐ.ടി അന്വേഷണം എത്ര നാളിനകം പൂർത്തിയാകുമെന്ന് പൊലീസ് മേധാവിയോട് അന്വേഷിച്ചിരുന്നു. അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം രാഷ്ട്രപതിക്ക് ശുപാർശ സമർപ്പിക്കാനാണ് ആലോചിച്ചിരുന്നത്. എസ്.ഐ.ടി അന്വേഷണം ഇഴയുകയും ഇതിനിടെ ഗവർണർക്ക് മാറ്റമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നതിന് ഒരാഴ്‌ച മുൻപ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്. ഭരണഘടനയുടെ 317 - അനുച്ഛേദപ്രകാരമാണ് പി.എസ്.സി ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ രാഷ്ട്രപതിക്ക് ഗവർണർ ശുപാർശ നൽകിയത്.
നിലവിലെ ചെയർമാൻ എം.ആർ. ബൈജുവിന്റെ കാലയളവിനൊപ്പം തൊട്ടുമുൻപുള്ള ചെയർമാൻ എം.കെ സക്കീറിന്റെ ഭരണകാലയളവിലും ഗവർണർ സംശയം ഉന്നയിച്ചതായാണ് ലഭിക്കുന്ന വിവരം.
നിയമോപദേശത്തിന്
പി.എസ്.സി ചെയർമാൻ
പി.എസ്.സി ചെയമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശക്കെതിരെ നിയമോപദേശം തേടാനുള്ള ശ്രമത്തിലാണ് പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു .
ഇന്ന് നടക്കുന്ന കമ്മിഷൻ യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.
നിലവിൽ ഒരു കേസിലും ഇതുവരെ പ്രതിചേർക്കാത്ത പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാനുള്ള ശുപാർശ, ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാന്റെ നീക്കം.
``ഭരണഘടനാപരമായ നടപടിക്രമങ്ങൾ മറികടന്ന് പി.എസ്.സി. അംഗങ്ങളെ നീക്കം ചെയ്യാൻ കഴിയില്ല. ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണ്.``
-പിണറായി വിജയൻ,
മുൻ മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |