
കണ്ണൂർ:വൈദേകം ആയുർവേദറിസോർട്ടിലെ നിക്ഷേപത്തെച്ചൊല്ലി സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെയും ഭാര്യ പി.കെ.ഇന്ദിരയെയും ലക്ഷ്യമിട്ട് സഹോദരീപുത്രൻ ഇ.പി.ശ്യാംജിത്ത് വീണ്ടും രംഗത്ത്. കേരള ബാങ്കിൽനിന്നു വിരമിച്ച ഇന്ദിര റിസോർട്ടിൽ ഷെയർ എടുത്തത് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ എന്ന് ശ്യാംജിത്ത് ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
'വിരമിച്ചാൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എത്രയാണെന്നും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ? ഇനിയും കുറെ തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ട്, കാത്തിരിക്കൂ.' എന്ന മുന്നറിയിപ്പോടെയാണ് കുറിപ്പ്. 'ആരെയും മുൻകൂട്ടി കുറ്റക്കാരനാക്കുന്നില്ല. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണം. രേഖകൾ സംസാരിക്കട്ടെ' എന്നും കൂട്ടിച്ചേർത്തു.
സി.പി.എമ്മിനെതിരെ നീങ്ങിയ തോമസിനെ കണ്ണൂർ ആയുർവേദറിസോർട്ടിൽ ജനറൽ മാനേജരായി നിയമിച്ചത് ഇന്ദിരയാണെന്നതിലും വ്യക്തത വരേണ്ടതുണ്ടെന്ന് ശ്യാംജിത്ത് പറയുന്നു. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പുറത്തറിയുന്നതിൽ ഇന്ദിരയുടെ ബന്ധുവിനു പങ്കുണ്ടോ എന്ന് വ്യക്തമാകുമെന്ന സൂചനയും കുറിപ്പിലുണ്ട്.
ശ്യാംജിത്തിന്റെ അക്കൗണ്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിന്റെ തുടക്കം. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയിൽനിന്ന് ഇന്ദിര പണം വാങ്ങി വൈദേകത്തിൽ ചെലവഴിച്ചെന്നായിരുന്നു പോസ്റ്റിലെ ആരോപണം. ജയരാജൻ നിയമനടപടി പ്രഖ്യാപിച്ചതോടെ പോസ്റ്റ് പിൻവലിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പോസ്റ്റിട്ടതു താനല്ലെന്നുമാണു ശ്യാംജിത്ത് പറഞ്ഞത്. സൈബർ സെല്ലിൽ പരാതിപ്പെടുമെന്നും അറിയിച്ചു. ഇതിനു പിന്നാലെയാണ് പുതിയ കുറിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |