തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതിന് പിന്നാലെ മുതലപ്പൊഴിയിലും നീണ്ടകരയിലും നിന്ന് കാണാതായ മത്സ്യതൊഴിലാളികൾക്ക് വേണ്ടി അന്വേഷണം ഊർജിതം.മുതലപ്പൊഴിയിൽ നിന്നും കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, നീണ്ടകരയിൽ വള്ളംമറിഞ്ഞ് കാണാതായ ഗൗതം കൃഷ്‌ണ എന്നിവർക്കായി ഇന്നും പരിശോധനകൾ തുടരുകയാണ്.
ഷിജിനെ കണ്ടെത്താനായി നാവികസേനയുടെ കപ്പലായ കൽപേനി ഇന്നലെ വൈകിട്ടോടെ മുതലപ്പൊഴിയിലെത്തിയിരുന്നു. നേവിയുടെ സ്‌കൂബാ ടീം ഇന്ന് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുലിമുട്ടിന്റെ നീളം വർദ്ധിപ്പിച്ച ഭാഗത്തും അഴിമുഖത്തെ കർവിന്റെ ഭാഗത്തുമായാണ് പരിശോധന നടക്കുന്നത്. ഇന്നലെ രാവിലെ മുതൽ വിഴിഞ്ഞത്തുനിന്നുമെത്തിയ പ്രൊഫഷണൽ സ്‌കൂബാ ടീമിന്റെ തെരച്ചിൽ നടന്നിരുന്നു. പുലിമുട്ടിലെ വിടവുകൾക്കിടയിലും അഴിമുഖത്ത് വീണുകിടക്കുന്ന ടെട്രാപോഡുകൾ, വലകൾ എന്നിവകൾക്കിടയിലും സ്‌കൂബാ ടീം പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കടൽ അൽപം ശാന്തമായതിനാൽ സ്‌കൂബാ ടീമിന് ഇന്നലെ കൂടുതൽ സമയം പരിശോധന നടത്താൻ സാധിച്ചു. കൂടാതെ കോസ്റ്റൽ ഗാർഡിന്റെ ഡോർണിയർ വിമാനം,ഹെലികോപ്‌റ്റർ എന്നിവയും വട്ടമിട്ട് നിരീക്ഷണ പറക്കൽ നടത്തി. മറൈൻ എൻഫോഴ്സ്‌മെന്റ്,കോസ്റ്റൽ പൊലീസ്,മത്സ്യത്തൊഴിലാളികൾ എന്നിവരും സംയുക്തമായി തെരച്ചിലിൽ പങ്കാളികളായി.
നീണ്ടകര സ്വദേശി ഗൗതം കൃഷ്‌ണയെ കണ്ടെത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ഹെലികോപ്റ്ററും ഐഎൻഎസ് കൽപേനി കപ്പലും ഇന്ന് നീണ്ടകരയിലെത്തിച്ചു. ഗൗതം കൃഷ്‌ണയുടെ അമ്മ രേഷ്‌മ അഭ്യർത്ഥിച്ചതിനെ തുടർന്ന് സുരേഷ് ഗോപി മുംബയിലെ നാവികസേന ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് അടിയന്തര നടപടിയെടുത്തത്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഇറങ്ങാൻ കരുനാഗപ്പള്ളി അമൃത എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഒറ്റ രാത്രികൊണ്ട് അധികൃതർ ഹെലിപാഡ് നിർമ്മിച്ച് നൽകിയിരുന്നു.
Following heavy rains in Kerala, search operations have intensified for fishermen who went missing from Muthalapozhi and Neendakara. Search efforts are continuing for Shijin, a native of Anchuthengu, who went missing from Muthalapozhi, and Gautham Krishna, who went missing after his boat capsized at Neendakara.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |