കൊച്ചി: കേരളത്തിൽ നിന്നുള്ള പതിമൂന്നംഗ മാദ്ധ്യമ പ്രതിനിധി സംഘത്തിന്റെ ഏഴ് ദിവസത്തെ ജമ്മു കാശ്മീർ പര്യടനത്തിന് തുടക്കം. കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന പര്യടനം, ജമ്മുകാശ്മീരിലെ വികസന മുന്നേറ്റങ്ങളും അടിസ്ഥാന സൗകര്യ പദ്ധതികളും നേരിൽകണ്ട് റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കുന്നു. കേരളകൗമുദി പ്രതിനിധിയായി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി, തൃശൂർ യൂണിറ്റുകളുടെ ചീഫുമായ പ്രഭു വാര്യർ സംഘത്തിലുണ്ട്.
യാത്രയുടെ ആദ്യദിനത്തിൽ മാദ്ധ്യമപ്രതിനിധി സംഘം ശ്രീനഗറിലെ പി.ഐ.ബി ഓഫീസ് സന്ദർശിച്ചു. പി.ഐ.ബി ശ്രീനഗർ ഡയറക്ടർ ഖ്വാസി സൽമാൻ മാദ്ധ്യമപ്രവർത്തകരെ ഊഷ്മളമായി സ്വീകരിച്ചു. കാശ്മീരിലെ വാർത്താവിനിമയ മേഖലകളെക്കുറിച്ചും പി.ഐ.ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ബാരാമുള്ള ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗും സംഘം സന്ദർശിച്ചു.
ഒരാഴ്ച നീളുന്ന യാത്രയിൽ കേന്ദ്രഭരണ പ്രദേശത്തെ വിവിധ വികസന പദ്ധതികളും പ്രധാന കേന്ദ്രങ്ങളും സന്ദർശിക്കുന്ന സംഘം, വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ ഉദ്യോഗസ്ഥരുമായും ജനങ്ങളുമായും സംവദിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസന നേട്ടങ്ങളെക്കുറിച്ച് കൃത്യവും ആഴത്തിലുള്ളതുമായ വാർത്തകൾ പൊതുജനങ്ങളിലെത്തിക്കാൻ പി.ഐ.ബി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |