
കൊച്ചി: ജോലിയിൽനിന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് 18 കൊല്ലമായി തുടരുന്ന സമരത്തിനൊടുവിൽ കായലിൽചാടി ജീവനൊടുക്കാൻ ശ്രമിച്ച 50കാരനെ പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.50നാണ് ഗോശ്രീ ഒന്നാംപാലത്തിൽനിന്ന് കൊല്ലം അഞ്ചൽ സ്വദേശി ഹസീം കൊച്ചി കായലിൽ ചാടിയത്. മന്ത്രിമാരുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ പൊന്നാരിമംഗലം ടോൾപ്ലാസയിൽ നിലയുറപ്പിച്ചിരുന്ന മുളവുകാട് എസ്.എച്ച്.ഒ എ.നസീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷിച്ചത്.
ബോൾഗാട്ടി ഭാഗത്തുനിന്ന് വഞ്ചിയിൽ പൊലീസ് എത്തിയപ്പോൾ ഇയാൾ കായലിലെ പാലത്തിന്റെ തൂണിൽപിടിച്ചു കിടക്കുകയായിരുന്നു. മരിക്കാൻ വേണ്ടിയാണ് ചാടിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾ എഴുതിവച്ച കുറിപ്പ് പാലത്തിൽ നിന്ന് കണ്ടെത്തി. എറണാകുളത്തെ ഒരു ഇൻഷ്വറൻസ് സ്ഥാപനത്തിൽ ജോലി ചെയ്യവേ അകാരണമായിട്ടാണ് പിരിച്ചുവിട്ടതെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഡൽഹിയിലെ കേന്ദ്ര ഓഫീസിൽപോയി സമരംചെയ്തിട്ടും ഫലമുണ്ടായില്ലെന്നും ജീവിതം വഴിമുട്ടിയെന്നുമാണ് കുറിപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |