
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ബാറ്ററി എനർജി സ്‌റ്റോറേജ് സംവിധാനം(ബെസ്) വേഗത്തിലാക്കണമെന്ന് കെ.എസ്.ഇ.ബിക്ക് ആവർത്തിച്ച് നിർദ്ദേശം നൽകി റഗുലേറ്ററി കമ്മിഷൻ.
ഹ്രസ്വകാലകരാറുകൾ വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അനുമതിക്കായി കെ.എസ്.ഇ.ബി നൽകിയ അപേക്ഷ പരിഗണിക്കവെയായിരുന്നു നിർദ്ദേശം. ഈ മാസം മുതൽ അടുത്തവർഷം മേയ് വരെ യൂണിറ്റിന് 9.40 രൂപ മുതൽ 12.50 രൂപ വരെ നൽകി 9 കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
മഴക്കുറവും ഉയരുന്ന വൈദ്യുതി ആവശ്യകതയും
അടക്കം ഹ്രസ്വകാല കരാറുകൾ അനിവാര്യമായതിന്റെ സാഹചര്യം കെ.എസ്.ഇ.ബി അറിയിച്ചു. കഴിഞ്ഞ 5 മാസത്തിനിടെ ഹ്രസ്വകാല കരാറുകൾ വഴിയടക്കം 1190 കോടിയുടെ വിലകൂടിയ വൈദ്യുതി വാങ്ങിയതിന്റെ കണക്കുകളും സമർപ്പിച്ചു. പുതിയ ഹ്രസ്വകാല കരാറുകളുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കെ.എസ്.ഇ.ബിയോട് കമ്മിഷൻ ആവശ്യപ്പെട്ടു. പീക്ക് സമയത്തെ ആവശ്യത്തിന് ബെസ് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് ഗൗരവമുള്ളതാണെന്നും ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കരാർ കൃത്യമായി പാലിക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞു. നേരത്തേ അറിയിച്ചപ്രകാരം ഈ മാസം മുതൽ കേരളത്തിൽ 'ബെസ്'ൽ നിന്ന് പീക്ക് സമയ വൈദ്യുതി കിട്ടേണ്ടതാണ്. ഇനിയും ഇത് വൈകരുത്. പകൽ ജലവൈദ്യുതി നാമമാത്രമാക്കി പീക്ക് സമയം പൂർണ്ണശേഷിയിൽ ഉത്പാദിപ്പിക്കണം. പകൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ കണക്കുകൾ പരിശോധിച്ചായിരുന്നു കമ്മിഷന്റെ അഭിപ്രായം.
കെ.എസ്.ഇ.ബിയുടെ ആസൂത്രണത്തിലെ വീഴ്ചകൾ മൂലമുണ്ടാകുന്ന അധികചെലവുകൾ ഉപഭോക്താക്കളുടെ താരിഫിൽ പ്രതിഫലിക്കുന്നത് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |