SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലിൽ ഷോക്കേൽക്കാം!

electricity-bill

തിരുവനന്തപുരം: ഈ മാസം ലോഡ് ഷെഡിംഗ് മൂലം ഇരുട്ടത്തിരിക്കാം, അടുത്ത മാസം മുതൽ വൈദ്യുതി ബില്ലിൽ ഷോക്കേൽക്കാം! കടുത്ത പ്രതിസന്ധി ഒഴിവാക്കാൻ ഈ മാസം ദിവസം 10മുതൽ 15 കോടിവരെ ചെലവിട്ടാണ് കെ.എസ്.ഇ.ബി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്. ഇതിന്റെ ബാദ്ധ്യത സർച്ചാർജായി ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിലെത്തും. യൂണിറ്റിന് 15 മുതൽ 21 പൈസ വരെയാകും കൂടുക. നിലവിൽ യൂണിറ്റിന് മൂന്ന് പൈസയാണ് സർചാർജ്.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതുമൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അധിക ഭാരം കുറയ്ക്കാൻ റെഗുലേറ്ററി കമ്മിഷൻ സർച്ചാർജിന് പ്രതിമാസം 10 പൈസ പരിധി നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, മുൻ സർക്കാരിന്റെ നിർദ്ദേശത്തെത്തുടർന്ന് ഇത് എടുത്തുമാറ്റിയിരുന്നു. അതുമൂലം കെ.എസ്.ഇ.ബിക്കുണ്ടാകുന്ന അധിക ബാദ്ധ്യതയ്ക്ക് അനുസൃതമായി സർചാർജിലും വർദ്ധനയുണ്ടാകും.

ചെലവ് കൂടിയാൽ

ഭാരം ഉപഭോക്താവിന്

1.ഈ വർഷം12,500 കോടിയാണ് റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച വൈദ്യുതി വാങ്ങൽച്ചെലവ്. അതിന് മുകളിൽ വരുന്നത് അതത് മാസം സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കും

2.സെപ്തംബർ മുതൽ അടുത്തമാർച്ച് വരെ 85 കോടി യൂണിറ്റാണ് വാങ്ങാൻ ലക്ഷ്യമിടുന്നത്. 750 കോടി ഇതിന് ചെലവുവരും

3.നിലവിൽ 347കോടിയുടെ വൈദ്യുതി വാങ്ങാൻ അനുമതിയായി. ചെലവ് യൂണിറ്റിന് ശരാശരി 10.40 രൂപ. കമ്മിഷൻ അനുവദിച്ച വില യൂണിറ്രിന് 4.90 രൂപ

കട്ട് തുടരും,

ഒക്ടോബർ വരെ

കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയെങ്കിലും കിട്ടിത്തുടങ്ങാൻ ഒക്ടോബറാകും. അതിനാൽ ലോഡ് ഷെഡിംഗ് ഒക്ടോബറിലേക്കും നീളും.

കൽക്കരിക്ഷാമം മൂലം രാജ്യത്ത് വൈദ്യുതി വാങ്ങാൻ കിട്ടാത്ത സ്ഥിതിയാണ്. നിലവിൽ 12000 മെഗാവാട്ടിന്റെ വൈദ്യുതി കമ്മിയാണ് രാജ്യത്തുള്ളത്. രാജ്യത്തെ 59 താപനിലയങ്ങളിലും വൈദ്യുതി ഉത്പാദനം നാമമാത്രമാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അതും നിലച്ചേക്കാം. അത് പ്രതിസന്ധിയുടെ ആഴം വീണ്ടും വർദ്ധിപ്പിക്കും.

96.39 ദശലക്ഷം യൂണിറ്റ്

ഇന്നലെ സംസ്ഥാനത്തെ

വൈദ്യുതി ഉപഭോഗം

27.33 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്തെ ഉത്പാദനം

69.06 ദശലക്ഷം യൂണിറ്റ്

പുറമെ നിന്ന് കിട്ടിയത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA