
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ പ്രായമോ വരുമാനമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര നൽകുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. സൗജന്യയാത്രയിലൂടെ കെ.എസ്.ആർ.ടി.സിക്കുണ്ടാവുന്ന 800കോടി പ്രതിവർഷ വരുമാനനഷ്ടം സർക്കാർ നൽകും.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പദ്ധതി 'പ്രിയദർശിനി' എന്ന പേരിലാണ് തിങ്കളാഴ്ച മുതൽ നടപ്പാക്കുക. കൂടുതൽ ബസുകൾ വാങ്ങിയും ഷെഡ്യൂളുകൾ കൂട്ടിയും പരസ്യവരുമാനം വർദ്ധിപ്പിച്ചും ആറുമാസത്തിനകം പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഫാസ്റ്റ്പാസഞ്ചർ, ടൗൺ-ടു-ടൗൺ, സിറ്റിഫാസ്റ്റ് അടക്കം സർവീസുകളിലും തുടർന്ന് സൗജന്യയാത്ര നടപ്പാക്കുമെന്നാണ് കണക്കുകൂട്ടൽ.
സൗജന്യയാത്രയിലൂടെ പ്രതിമാസം 65മുതൽ 70കോടിവരെ ബാദ്ധ്യത സർക്കാരിനുണ്ടാവും. ശമ്പളം, പെൻഷൻ അടക്കം ചെലവുകൾക്ക് നിലവിൽ കെ.എസ്.ആർ.ടി.സിക്ക് 1500കോടി എല്ലാവർഷവും നൽകുന്നുണ്ട്. അതിനുപുറമെ സൗജന്യയാത്രയുടെ ചെലവും നൽകും. കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ആറുമാസത്തിനകം കണ്ടെത്തും. സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന തലത്തിലേക്ക് കെ.എസ്.ആർ.ടി.സിയെ മാറ്റും. സാമ്പത്തികനില മെച്ചപ്പെടുത്തിയശേഷമായിരിക്കും സൗജന്യയാത്രയുടെ രണ്ടാംഘട്ടം നടപ്പാക്കുക.
സ്ത്രീകൾക്ക് സീറോ
ടിക്കറ്റ്: സി.പി. ജോൺ
സൗജന്യ യാത്രാ പദ്ധതി തുടങ്ങുമ്പോൾ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സീറോ ടിക്കറ്റ് നൽകുമെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. ടിക്കറ്റ് നൽകും. പണം ഈടാക്കില്ല. സൗജന്യയാത്രയ്ക്ക് ദൂര പരിധിയില്ല. എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാം. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കും. സൗജന്യയാത്ര പ്രാബല്യത്തിലായശേഷം സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |