തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീസൗജന്യയാത്ര ഈ 15 മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ആരംഭിക്കും. മുഖ്യമന്ത്രി വി.ഡി.സതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഒരോ ദിവസത്തെയും സ്ത്രീയാത്രക്കാരുടെ കണക്ക് കെ.എസ്.ആർ.ടി.സി ശേഖരിക്കും. ഒരോമാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാദ്ധ്യത കണക്കാക്കി കെ.എസ്.ആർ.ടി.സി സർക്കാരിനെ അറിയിക്കും. സ്ഥാപനത്തിനുണ്ടാകുന്ന ബാദ്ധ്യത സർക്കാർ നൽകും.
സൗജന്യയാത്രയുടെ ആദ്യ 100 ദിവസത്തെ വിവരങ്ങളും സർക്കാർ ശേഖരിക്കും. സ്ത്രീയാത്രക്കാരുടെ വർദ്ധന, അധികമായി വേണ്ടിവന്ന ചെലവ്, സമൂഹത്തിന്റെ പ്രതികരണം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ശേഷം പദ്ധതി നടത്തിപ്പിൽ മാറ്റം വേണമെങ്കിൽ നടപ്പിലാക്കും.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യം നൽകാനാണ് തീരുമാനം. എല്ലാത്തരം സ്ത്രീകൾക്കും സൗജന്യയാത്രയ്ക്ക് അർഹതയുണ്ടാകും. പാവപ്പെട്ടവരെന്നോ ജോലി ഉള്ളവരെന്നോ വിവേചനം ഉണ്ടാകില്ല. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ വർഷം 712 കോടി രൂപ ബാദ്ധ്യതവരുമെന്നാണ് കെ.എസ്.ആർ.ടി.സി സർക്കാരിനു നൽകിയ കണക്ക്. മറ്റു ബസുകളിലേക്കും സൗജന്യയാത്ര വ്യാപിപ്പിച്ചാൽ 1300 കോടി രൂപ വേണ്ടിവരും. ഫാസ്റ്റ് മുതലുള്ള സൂപ്പർക്ലാസ് ബസുകളിൽ സൗജന്യം അനുവദിക്കുന്നത് സംബന്ധിച്ച് നേരത്തേ ചർച്ചയുണ്ടായെങ്കിലും നിലവിൽ പരിഗണിച്ചിട്ടില്ല. സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദ്ദേശം നൽകി. പദ്ധതിയുടെ ഭാഗമായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി ആവശ്യമായാൽ അത് പരിശോധിക്കുമെന്നും യോഗം വിലയിരുത്തി.
സിറ്റി ഫാസ്റ്റിൽ തീരുമാനമായില്ല
തിരുവനന്തപുരം ജില്ലയിലെ ഓർഡിനറി ബസുകളിൽ നല്ലൊരു പങ്കും സിറ്റിഫാസ്റ്രായിട്ടാണ് സർവീസ് നടത്തുന്നത്. ചില ഇ ബസ് സർവീസ് ഒഴികെ നഗരത്തിലെ ഏതാണ്ട് എല്ലാ സർവീസും 'സിറ്റി ഫാസ്റ്റ്' എന്ന പേരിൽ അമിത നിരക്ക് ഈടാക്കിയാണ് സർവീസ്. കിഴക്കേകോട്ട, പേരൂർക്കട, പാപ്പനംകോട്, വികാസ്ഭവൻ ഡിപ്പോകളിലെ സർവീസുകളിൽ ഏതാനും ചിലതാണ് ഓർഡിനറിയായിട്ടുള്ളത്. സിറ്റി ഫാസ്റ്റുകളിൽ സൗജന്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 2,800 ഓർഡിനറി ബസുകളുണ്ടെന്നാണ് കെ.എസ്.അർ.ടി.സിയുടെ കണക്ക്. നിരത്തിലെത്തുന്നത് ശരാശരി 1600 എണ്ണം മാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |