
കോഴിക്കോട്: ബംഗളൂരു-മെെസൂരു ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് മരിച്ച ഡ്രെെവറുടെയും കണ്ടക്ടറുടെയും മൃതദേഹം സംസ്കരിച്ചു.കോഴിക്കോട് ഡിപ്പോയിലെ താത്കാലിക ഡ്രെെവർ കോഴിക്കോട് വെള്ളയിൽ കുന്നത്തുതാഴം വയൽ അജിത നിവാസിൽ കെ.മിഥിലേഷ് (29),കണ്ടക്ടർ കോഴിക്കോട് ചേവായൂർ കാവ് സ്റ്റോപ്പിന് സമീപം നെച്ചോളി മീത്തൽ എൻ.എം അരുൺ (53)എന്നിവരാണ് ശനിയാഴ്ച രാവിലെ അപകടത്തിൽ മരിച്ചത്.ഇന്നലെ രാവിലെ ആറ് മണിയോടെ കോഴിക്കോട് ഡിപ്പോയിലെ ഉദ്യോഗസ്ഥ സംഘവും ബന്ധുക്കളും ചേർന്നാണ് മൃതദേഹങ്ങൾ കോഴിക്കോട്ടെത്തിച്ചത്. എം.കെ. രാഘവൻ എം.പി, കെ.പ്രവീൺകുമാർ എം.എൽ.എ, കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. മിഥിലേഷിന്റെ സംസ്കാരം ഇന്നലെ രാവിലെ കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിലും അരുണിന്റേത് മാവൂർ റോഡ് ശ്മശാനത്തിലും നടന്നു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിരുന്നു.കോഴിക്കോട് കോട്ടൂളി സ്വദേശി സനൂപ് ഐ.സി.യുവിൽ ബോധരഹിതനായി തുടരുകയാണ്.ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടു പേരും ചികിത്സയിലാണ്.
മരിച്ച താത്കാലിക ഡ്രൈവർക്ക് ഇൻഷ്വറൻസ് പരിരക്ഷയില്ല
ബംഗളൂരുവിന് സമീപം കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ കണ്ടക്ടർ എൻ.എം.അരുണിന്റെ ആശ്രിതർക്ക് ഇൻഷ്വറൻസ് തുകയായി ഒരു കോടിയിലേറെ രൂപ ലഭിക്കുമ്പോൾ, ഡ്രൈവർ കെ.മിഥിലേഷിന്റെ ആശ്രിതർക്ക് ഇൻഷ്വറൻസ് പരിരക്ഷയില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ,ഡ്യൂട്ടിക്കിടയിൽ അപകട മരണം സംഭവിച്ചാൽ ജീവനക്കാരന് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്. താൽക്കാലിക ജീവനക്കാരെ അതിൽ നിന്നും ഒഴിവാക്കി. സെസ് ഉൾപ്പെടെയുള്ള ഇൻഷ്വറൻസ് മാത്രമാണ് താൽക്കാലികക്കാർ മരണപ്പെട്ടാൽ ആശ്രിതർക്ക് ലഭിക്കുക.താൽക്കാലികക്കാരെകൂടി ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടു വരണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. 9 വർഷം കഴിഞ്ഞ ബസാണ് മിഥിലേഷ് ഓടിച്ചത്. സൂപ്പർ ക്ലാസ് സർവീസ് നടത്തേണ്ട സമയ പരിധി കഴിഞ്ഞ ബസാണിത്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും. മേൽനോട്ടത്തിന് സി.എം.ഡി പ്രമോജ് ശങ്കർ കോഴിക്കോട്ടെത്തി.
ഡ്രെെവർക്ക് വിശ്രമം നൽകിയെന്ന് കെ.എസ്.ആർ.ടി.സി
ബംഗളൂരു- മെെസൂരു ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചത് ഡ്രെെവർക്ക് ആവശ്യത്തിന് വിശ്രമം കിട്ടാത്തതാണെന്ന ആരോപണം നിഷേധിച്ച് കെ.എസ്.ആർ.ടി.സി.ബന്ധുക്കളും ജീവനക്കാരുടെ സംഘടനകളുമാണ് ആരോപണവുമായി രംഗത്തെത്തിയത്.ഡ്രെെവർ മിഥിലേഷിന് 16 മണിക്കൂറോളം വിശ്രമം കിട്ടിയിരുന്നെന്നാണ് അധികൃതരുടെ വാദം. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ തലേ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞിരുന്നു. അന്ന് രാത്രി ഒമ്പതരയ്ക്കാണ് കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്കുള്ള ട്രിപ്പ് തുടങ്ങിയതിനാൽ മതിയായ വിശ്രമം കിട്ടിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേയ്ക്ക് ഒരു വശത്തേയ്ക്കു തന്നെ 220 കിലോമീറ്ററിലധികമുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ മിഥിലേഷിനെ അന്നു രാത്രി തന്നെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചത് ശരിയായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഡ്രെെവർ കം കണ്ടക്ടർ രീതി ഈ ബസിൽ ഇല്ലാതിരുന്നതിനാൽ തുടർച്ചയായ ഡ്രെെവിംഗ് അപകടത്തിലേക്ക് തള്ളിവിട്ടുവെന്ന് ജീവനക്കാരുടെ സംഘടനകളും ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |