
കോഴിക്കോട്: ലീഗ് മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്ന പരാതികളിൽ, നടപടിയെടുക്കാതെ "കഴിഞ്ഞത് കഴിഞ്ഞു"വെന്ന നിലപാടിലേക്ക് നേതൃത്വം. പഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അർഹരായ പലരും തഴയപ്പെട്ടെന്നാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് ചേർന്ന യോഗത്തിൽ ഉയർന്ന വിമർശനം. പ്രവർത്തകരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ഉപസമിതി ചുരുക്കപ്പട്ടിക തയ്യാറാക്കിയാകും നിയമനമെന്നായിരുന്നു പ്രചാരണം. ഇതോടെ ജില്ലാ കമ്മിറ്റികളിലേക്ക് അപേക്ഷ പ്രവഹിച്ചു. അവരത് സംസ്ഥാന നേതൃത്വത്തിനും നൽകി. നേതൃത്വം 150 ഓളം പേരുടെ പട്ടിക കെെമാറിയെന്നാണ് വിവരം.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ മുതൽ ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുന്നവർ വരെ അറുപതോളം പേർക്കായിരുന്നു നിയമനം. ആള് കൂടിയതോടെ മന്ത്രിമാർക്കും ആശയക്കുഴപ്പമായി. ഒടുവിൽ ബോദ്ധ്യപ്പെട്ടവരെ തിരഞ്ഞെടുത്തു. മന്ത്രിമാർ തന്നിഷ്ടപ്രകാരം നിയമനം നടത്തിയെന്നും വിമർശനമുയർന്നു. എന്നാൽ നിസഹായരാണെന്നാണ് മന്ത്രിമാർ പറയുന്നത്. മാനദണ്ഡം നിശ്ചയിക്കാതെ മന്ത്രിമാർക്ക് നെടുങ്കൻ ലിസ്റ്റ് നൽകിയതിലും പാളിച്ചയുണ്ടായി. മന്ത്രിമാരുമായി ചർച്ച ചെയ്ത് ലിസ്റ്റ് തയ്യാറാക്കിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്നാണ് വിശദീകരണം. ഏകോപനത്തിലും വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. നിയമനത്തിന് വലിയ പ്രചാരം നൽകാതെ പഴയ രീതിയിൽ തിരഞ്ഞെടുത്താൽ മതിയായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി.
പാർട്ടിയെ കുറ്റപ്പെടുത്തിയില്ലെന്ന്
അവസരം കിട്ടുമെന്ന് കരുതിയവരിൽ എം.എസ്.എഫ്, കെ.എസ്.യു നേതാക്കളുമുണ്ട്. നിരാശരായവർ പാർട്ടിക്കും മന്ത്രിമാർക്കും നിയമിക്കപ്പെട്ടവർക്കുമെതിരെ വിമർശനമുന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയെ ആരും കുറ്റപ്പെടുത്തിയില്ലെന്നാണ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറയുന്നത്. സർക്കാരിനെതിരെയും വിമർശനമുണ്ടായില്ല. ലീഗിന്റെ പുതുമുഖ മന്ത്രിമാരടക്കം മികച്ച പ്രവർത്തനം നടത്തുന്നുവെന്നാണ് വിലയിരുത്തലെന്ന് സലാം പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |