
മലപ്പുറം: ലണ്ടനിൽ അപ്പാർട്ടുമെന്റിന്റെ മൂന്നാംനിലയിൽനിന്നു പുറത്തേക്കു വീണ് പാരപ്പറ്റിൽ തൂങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ അദ്ഭുതകരമായി രക്ഷിച്ച മലയാളി യുവാവ് വൈറലായി. ചങ്ങരംകുളം മാന്തടം സ്വദേശിയായ മുഹമ്മദ് ജസീലാണ് പൊലീസിനൊപ്പം ചേർന്ന് കുട്ടിയെ രക്ഷിച്ചത്.
സമീപത്തെ ഫ്ലാറ്റിൽ താമസിച്ചിരുന്ന മുഹമ്മദ് ജസീൽ കുട്ടി തൂങ്ങിക്കിടന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷെയിഡിൽ ഒടിക്കയറിയാണ് രക്ഷിച്ചത്. ജസീലിന്റെ കൈയിലേക്കാണ് കുട്ടി വീണത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് ഈസ്റ്റ് ലണ്ടൻ ഇൽഫോഡിലെ കെട്ടിടത്തിൽ ഏതുനിമിഷവും താഴേക്ക് വീഴാവുന്ന അവസ്ഥയിൽ കുട്ടിയെ പ്രദേശവാസികൾ കണ്ടത്. ആളുകൾ തടിച്ചുകൂടി നിലവിളിക്കുന്നതിനിടെ ഒരു പൊലീസുകാരൻ കുട്ടിയെ രക്ഷിക്കാനായി കെട്ടിടത്തിന്റെ മുകളിലേക്ക് കയറി. തൊട്ടുപിന്നാലെ ജസീലും എത്തി. ഇരുവരും കുട്ടിയുടെ തൊട്ടുതാഴെയായി സുരക്ഷിതമായി നിലയുറപ്പിക്കുകയായിരുന്നു. കുട്ടിക്ക് പരിക്കില്ല.
ജസീൽ താമസിക്കുന്ന കെട്ടിടത്തിന്റെ ആറ് ഫ്ളാറ്റ് അപ്പുറത്തായിരുന്നു ബാലിക കുടുങ്ങിയത്.
സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നതിനിടെ പുറത്ത് നിന്നുള്ള നിലവിളി കേട്ട് ജസീൽ ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. മറ്റൊന്നും ആലോചിച്ചില്ല. ഉടനെ ഓടി. കഷ്ടിച്ച് ഒരാൾക്ക് നിൽക്കാൻ കഴിയുന്ന സ്ഥലമേ കെട്ടിടത്തിന്റെ സൈഡിൽ ഉണ്ടായിരുന്നുള്ളൂ. 'ദൈവം സഹായിച്ച് കുട്ടിയെ പിടിക്കാൻ കഴിഞ്ഞു'- ജസീൽ പറഞ്ഞു. ആലംകോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സുലൈമാൻ മാന്തടത്തിന്റെ മകനായ ജസീൽ ഈസ്റ്റ് ഹാമിലെ അനന്തപുരം റെസ്റ്റോറന്റിൽ മാനേജരാണ്. ഭാര്യ ഷാമില. മക്കൾ: ഇസായേൽ,ദാനിൽ. മാതാവ് റെജിമോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |