SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

മരണത്തിലും പാർട്ടി അപ്പനെ ചതിച്ചു: ലോറൻസിന്റെ മകൾ

dd
ആശ ലോറൻസ്.

ഭൗതിക ദേഹം മെഡിക്കൽ കോളേജിന് നൽകണമെന്ന് പറഞ്ഞിട്ടില്ല

കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകിയത് പാർട്ടിയുടെ ചതിയാണെന്ന് വിമർശിച്ച് മകൾ ആശ ലോറൻസ്. മൃതശരീരം മെഡിക്കൽ കോളേജിന് നൽകണമെന്ന് അപ്പൻ പറഞ്ഞിട്ടില്ല. അപ്പന്റെ അവസാന യാത്രഅയപ്പും ചതിയിലൂടെയാണെന്ന് ആശ ഫേസ്ബുക്കിൽ കുറിച്ചു.

അപ്പനേക്കാൾ നിരീശ്വരവാദി ആയിരുന്ന അപ്പൂപ്പനെ കലൂർ പൊറ്റക്കുഴി പള്ളി സെമിത്തേരിയിലാണ് അടക്കിയത്. അമ്മയെ യാത്രയാക്കിയതും പള്ളിയിലാണ്. പള്ളിയിൽ നടന്ന നാലു മക്കളുടെയും വിവാഹത്തിലും പേരക്കുട്ടികളുടെ മാമോദീസയിലും അപ്പൻ ഉണ്ടായിരുന്നു. ആരെയോ ബോധിപ്പിക്കാനാണ് ഇപ്പോഴത്തെ നാടകം.

അപ്പൻ ഒരിക്കലും ഈശ്വരവിശ്വാസത്തെ എതിർത്തിട്ടില്ല, പക്ഷേ പരിഹസിച്ചിട്ടുണ്ട്. ഈശ്വര വിശ്വാസത്തെയും വിശ്വാസികളെയും അകറ്റുന്നത് പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മിറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ സഖാക്കൾ ഒറ്റപ്പെടുത്തി. പാർട്ടി അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ്.

മതാചാരപ്രകാരമുള്ള ലോറൻസിന്റെ അന്ത്യയാത്ര സി.പി.എമ്മിന് സഹിക്കുന്നില്ല. ഹിന്ദുവായിരുന്നെങ്കിൽ പയ്യാമ്പലം ബീച്ചിലോ തിരുനാവായിലോ വല്യചുടുകാട്ടിലോ അഗ്നിക്ക് കൊടുക്കുമായിരുന്നു. അപ്പൻ ക്രിസ്ത്യാനി ആയിപ്പോയി. സർട്ടിഫിക്കറ്റിലും ക്രിസ്ത്യൻ ലത്തീൻ കത്തോലിക്കനെന്നാണ്. അല്ലാതെ ജാതി ഇല്ല, മതം ഇല്ല എന്നല്ല. പാർട്ടിക്ക് വേണ്ടി ജീവിച്ച സഖാവിനോട് അവസാനം ചെയ്യുന്ന കൊടുംചതിയും ക്രൂരതയുമാണിതെന്നും ആശ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LORANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA