
കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാക്കളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കൽപ്പറ്റ സെഷൻസ് കോടതി വിധിച്ച 5 വർഷത്തെ തടവുശിക്ഷ മരവിപ്പിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ കർശന ഉപാധികളോടെ ജാമ്യം നൽകിയത്. എം. ഗീതാനന്ദൻ (72), ബിനു (54), രമേശൻ (53), അനിൽകുമാർ (48) എന്നിവർ ഉടൻ ജയിൽ മോചിതരാകും.
പ്രതികൾ കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തിയായിരുന്നു സെഷൻസ് കോടതിയുടെ ഉത്തരവ്. എന്നാൽ, അന്തിമമായ തെളിവുകളുടെ അഭാവമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ഇതു പരിഗണിച്ച ഹൈക്കോടതി ശിക്ഷവിധിക്കണമെങ്കിൽ തെളിവുകൾ സമഗ്രമാകണമെന്ന് വിലയിരുത്തി. അപ്പീൽ തീർപ്പാക്കുന്നതുവരെ ശിക്ഷാ നടപടികൾ നിറുത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.
വിചാരണക്കോടതി വിധിച്ച പിഴത്തുക മുഴുവൻ ( 42,000രൂപവീതം) പ്രതികൾ കെട്ടിവയ്ക്കണമെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. കൂടാതെ ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കണം. ജാമ്യത്തിലിറങ്ങുന്നവർ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും കോടതി നിർദ്ദേശിച്ചു. കേസിൽ കുറഞ്ഞ ശിക്ഷയാണ് വിധിച്ചതെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐയും അപ്പീൽ സമർപ്പിക്കുന്നുണ്ട്. അപ്പീലുകളിൽ പിന്നീട് വാദം കേൾക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |