തിരുവനന്തപുരം : ദേശാഭിമാനി വാരാന്തപതിപ്പിലെ ലേഖനം സംബന്ധിച്ച വിവാദത്തിൽ റസിഡന്റ് എഡിറ്റർ എം.സ്വരാജിന്റെ വാദം തള്ളി നാടകപ്രവർത്തകൻ വിജയൻ. ലേഖനത്തിനായി ദേശാഭിമാനിക്കാർ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നൽകിയെന്നും വിജയൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും വിജയൻ പറഞ്ഞു.
മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് കവർ സ്‌റ്റോറിയായി ഉൾപ്പെടുത്തിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇന്ന് പുറത്തിറങ്ങാത്തതാണ് വിവാദമായത്. 'കള്ളൻ വിജയൻ' എന്ന പേരിൽ അവസാന പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തെച്ചൊല്ലിയുള്ള തർക്കമാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കള്ളൻ വിജയൻ എന്നൊരു ലേഖനമോ വാർത്തയോ ഇല്ലെന്നാണ് സ്വരാജ് പറഞ്ഞത്. വാരാന്തപ്പതിപ്പ് പുറത്തിറങ്ങാത്തത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു യൂണിറ്റിലെ പ്രശ്നം കാരണം സമയബന്ധിതമായി പത്രം അച്ചടിക്കുന്നതിൽ പ്രശ്നം നേരിട്ടിരുന്നു. വി.എസിന്റെ അനുസ്മരണക്കുറിപ്പ് ഒഴിവാക്കിയതല്ല. അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. വാരാന്തപ്പതിപ്പ് നാളെ പ്രസിദ്ധീകരിക്കും. 21ന് വി.എസിന്റെ അനുസ്മരണം സംബന്ധിച്ച് പ്രത്യേക പേജുമുണ്ടാവുമെന്നും സ്വരാജി വ്യക്തമാക്കി.
വി.എസിന്റെ ഒന്നാം ചരമവാർഷികത്തിനോടനുബന്ധിച്ചാണ് വാരാന്തപ്പതിപ്പിൽ വി.എസ് ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തിയിരുന്നത്. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും വിവരാവകാശ കമ്മിഷണറുമായിരുന്ന കെ.വി.സുധാകരൻ എഴുതിയ 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന പേരിലുള്ളതാണ് ഓർമ്മക്കുറിപ്പ്. പതിപ്പിന്റെ അവസാന പേജിൽ ടി.സി.രാജേഷ് എഴുതിയ 'കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ടിലുള്ള ലേഖനത്തെച്ചൊല്ലി എഡിറ്റോറിയൽ ബോർഡിൽ തർക്കമുണ്ടായെന്നാണ് സൂചന. പുല്ലാംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാറയിലെ വിജയൻ എന്ന നാടകപ്രവർത്തകനെക്കുറിച്ചാണ് ലേഖനം. വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് ധന്യ നാടക ഗ്രാമം. മാതാപിതാക്കൾ ഓമനിച്ചു വിളിച്ച കൊച്ചുകള്ളനെന്ന പേര് പിന്നീട് പേരിനൊപ്പം ചേരുകയായിരുന്നു. 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് അനാവശ്യ തെറ്റിദ്ധാരണകൾക്കും ട്രോളുകൾക്കും ഇടയാക്കുമെന്ന് എഡിറ്റോറിയൽ ബോർഡിലെ ചിലർ ചൂണ്ടിക്കാട്ടി. തുടർന്ന് വിതരണം തടയുകയായിരുന്നെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |