
തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയ്ക്ക് വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ലഭിക്കാനുള്ള കുടിശികയിൽ 106 കോടി രൂപ നൽകാമെന്ന് കേന്ദ്ര സർക്കാർ. പൊതു വിദ്യാഭ്യാസ സെക്രട്ടറിയും, എസ്.എസ്.കെ ഡയറക്ടറുമായി
കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി ടി.കെ.അനിൽകുമാർ നടത്തിയ ഓൺലൈൻ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് എസ്.എസ്.കെ നൽകുന്നത്. സ്‌കൂളിലെത്താൻ കഴിയാത്ത കുട്ടികളുടെ പഠനവും ഇതിൽപ്പെടും. പി.എം.ശ്രീയിലെ തർക്കം കാരണം 2024 മുതൽ കേന്ദ്ര സർക്കാർ ഇതിനുള്ള തുക നൽകിയിരുന്നില്ല. ഈ തുക തടഞ്ഞു വയ്ക്കാൻ കേന്ദ്രത്തിന്
അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം നിരവധി കത്തുകളയച്ചിരുന്നു.. പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് വ്യക്തമാക്കി എസ്.എസ്കെ വീണ്ടും കേന്ദ്രത്തെ സമീപിച്ചതിനെ തുടർന്നാണ് ഓൺലൈൻ അവലോകന യോഗം
ചേർന്നത്.എല്ലാ പദ്ധതികളും പുതിയ അക്കൗണ്ടിംഗ് രീതിയായ എസ്.എൻ.എ സ്പർശിലേക്ക് മാറണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് സമ്പ്രദായത്തിലേക്ക് മാറിയാൽ കുടിശിക തുക ചെലവഴിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടാകും. അതിന് മുമ്പ് തുക അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സ്റ്റാർസ് പദ്ധതിയുടെ കേന്ദ്ര വിഹിതമായ 12 കോടി രൂപ എസ്.എൻ.എ സ്പർശ് വഴി അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതമായ 8 കോടി രൂപ കൂടി ലഭിച്ചാലേ കേന്ദ്ര ഫണ്ട് വിനിയോഗിക്കാനാവൂ. തുക ഉടൻ നൽകാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
106 കോടി കേന്ദ്രം നൽകിയാലും എസ്.എസ്.കെയുടെ പ്രതിസന്ധി ഒഴിയില്ല. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത് 1584.81 കോടിയാണ്.
വെർച്വൽ ക്ലാസ് മുറികൾ, ഊരുകളിലെ വിദ്യാർത്ഥികൾക്കുള്ള പഠനം, ഭിന്നശേഷി പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ്, അദ്ധ്യാപക പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാവുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി വീണ്ടും ചർച്ച നടത്തും. ഓണം പ്രമാണിച്ച് ശമ്പളം നൽകാൻ എസ്.എസ്.കെയിൽ പണമില്ലാത്തതിനാൽ, സംസ്ഥാന സർക്കാർ പ്രത്യേക സഹായമായി 25 കോടി അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |