SignIn
Kerala Kaumudi Online
Monday, 25 May 2026 6.38 AM IST

കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത; മൃതദേഹങ്ങൾക്കരികിൽ പിസ്റ്റളും വെടിയുണ്ടകളും

anand-sujith

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരണം കൊലപാതകം അല്ലെങ്കിൽ ആത്മഹത്യയാകാമെന്ന് പൊലീസ് പറയുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42)​,​ ഭാര്യ ആലീസ് പ്രിയങ്ക (40)​,​ ഇരട്ടക്കുട്ടികളായ നോഹ (4)​,​ നെയ്‌തൻ (4)​ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആനന്ദും ഭാര്യ ആലീസും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ബാത്ത്‌റൂമിലായിരുന്നു. വെടിയേറ്റതിന്റെ മുറിവുകൾ ഇവരുടെ ശരീരത്തിലുണ്ടായിരുന്നു. മൃതദേഹങ്ങൾക്ക് അരികിൽ നിന്ന് പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു. മക്കളായ നോഹയെയും നെയ്‌തനെയും കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടികളുടെ ശരീരത്തിൽ വെടിയേറ്റതിന്റെ മുറിവുകൾ ഉണ്ടായിരുന്നില്ല. വീട്ടിൽ പുറത്തുനിന്ന് ആരെങ്കിലും അതിക്രമിച്ച് കടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സാൻ മറ്റെയോ പൊലീസ് അറിയിച്ചു.

ആനന്ദ് ഭാര്യയെ വെടിവച്ചതിനുശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറയുന്നു. 2016ൽ വിവാഹമോചനത്തിനായി ആനന്ദും ഭാര്യയും കാലിഫോർണിയയിലെ കോടതിയിൽ അപേക്ഷ നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളാകാം കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.

മകളെ ഫോണിൽ ബന്ധപ്പെടാനാകാത്തതിനാൽ ആലീസിന്റെ മാതാവ് കാലിഫോർണിയയിലെ കുടുംബസുഹൃത്തിനെ വിളിക്കുകയും തുടർന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് നാല് മൃതദേഹങ്ങളും കണ്ടെത്തുന്നത്.

വിഷവാതകം ശ്വസിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നത്. എ.സിയിൽ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നോ ഉള്ള വിഷവാതകം ശ്വസിച്ചതാണോ മരണകാരണമെന്ന് സംശയം ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CALIFORNIA, KOLLAM FAMILY, ANAND SUJITH HENRY, ALICE PRIYANKA, DEATH SUSPICIONS, CASE, MURDERCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA