
കൊച്ചി: മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി. വിധി നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും സാങ്കേതിക കാരണങ്ങൾ നിരത്തി കുടിയൊഴിപ്പിക്കൽ വൈകിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.മലയിടം തുരുത്തിൽ താമസിക്കുന്ന കുടുംബങ്ങൾ കോടതിയെ ഇതുവരെ സമീപിക്കാത്ത പക്ഷം മറ്റൊരു തീരുമാനത്തിലേക്കെത്താൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രശ്‌നം പരിഹരിക്കാൻ രണ്ടാഴ്‌ച സമയം വേണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു.
പതിറ്റാണ്ടുകളായി മലയിടം തുരുത്തിലെ പാരിയത്ത് കാവിൽ താമസിക്കുന്ന എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്നാണ് കോടതി വിധി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖയൊന്നും ദളിത് കുടുംബങ്ങളുടെ കൈവശം ഇല്ലെന്ന് കണ്ടെത്തിയാണ് സ്വകാര്യ വ്യക്തി കണ്ണാട്ട് ശങ്കരൻ നായരുടെ ഹർജി ഹൈക്കോടതി അംഗീകരിച്ചത്. സുപ്രീംകോടതിയും വിധി ശരിച്ചിരുന്നു.
സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനായി നടത്തിയ നടപടികൾ വൻപ്രതിഷേധത്തിലാണ് അവസാനിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് 15ാം തവണയാണ് ശ്രമം നടന്നത്. കോടതി വിധിയെ തുടർന്ന് കോളനിവാസികളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ പൊലീസ് നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. പൊലീസ് ബലപ്രയോഗത്തെ കോളനി നിവാസികൾ എതിർത്തതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപ്പെട്ട് കുടിയൊഴിപ്പിക്കൽ നടപടി നിർത്തിവയ്പ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |