SignIn
Kerala Kaumudi Online
Saturday, 03 October 2026 2.43 AM IST

മെസി തട്ടിപ്പ്,​ അബ്‌ദുറഹിമാൻ പ്രതിയായേക്കും,​ ചോദ്യം ചെയ്ത് എസ്.ഐ.ടി

1

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ എസ്.ഐ.ടി മലപ്പുറത്ത് ചോദ്യം ചെയ്തു. തട്ടിപ്പിൽ മുൻമന്ത്രിയുടെ പങ്ക് എത്രത്തോളമുണ്ടെന്ന് അറിയാനായിരുന്നു എസ്.പി പി.വിക്രമന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തത്. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലനെ നേരത്തേ ചോദ്യം ചെയ്തിരുന്നു. ചട്ടവിരുദ്ധമായി മന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറിയാണ്. ഇരുവരും കേസിൽ പ്രതിയാവുമെന്നാണ് സൂചന.

പണമിടപാടുകളെക്കുറിച്ചും സ്പോൺസറെ തിരഞ്ഞെടുത്തതിനെക്കുറിച്ചും അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാറുണ്ടാക്കിയതിനെക്കുറിച്ചും അബ്ദുറഹിമാനോട് എസ്.ഐ.ടി ചോദിച്ചു. സർക്കാർ ഉത്തരവിറങ്ങും മുൻപ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി എങ്ങനെ കരാറൊപ്പിട്ടു, കരാറിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാക്ഷിയായി ഒപ്പിട്ടത് മന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നോ, പൊലീസ് സംരക്ഷണമടക്കം നൽകുമെന്ന് സ്വകാര്യ കരാറിൽ എഴുതിച്ചേർത്തത് ആരുടെ ഉറപ്പിലാണ് എന്നിങ്ങനെയും ചോദ്യങ്ങളുണ്ടായി.

ആശയവിനിമയങ്ങൾക്ക് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിലുപയോഗിക്കാൻ ആരാണ് അനുമതി നൽകിയത്, സർക്കാർ ഉത്തരവിറക്കും മുൻപ് ഒപ്പിട്ട കരാർ പിന്നീട് സർക്കാർ ഫയലുകളിൽ നിന്ന് അപ്രത്യക്ഷമായത് എങ്ങനെയും ചോദിച്ചു. സ്പെയിൻ യാത്രയുടെ വിവരങ്ങളും തേടി. വിദേശയാത്ര മുൻകൂർ അനുമതി വാങ്ങി ചട്ടപ്രകാരമാണ് നടത്തിയതെന്ന് അബ്ദുറഹിമാൻ മൊഴി നൽകി. അതേസമയം, സർക്കാർ അനുമതിക്ക് മുൻപ് സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ കരാറിനെപ്പറ്റി അവ്യക്തമായ മൊഴിയാണ് അബ്ദുറഹിമാൻ നൽകിയതെന്നാണ് സൂചന. സ്പോൺസറായ ആന്റോ അഗസ്റ്റിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ചട്ടം മറികടന്നിട്ടില്ലെന്ന്

അബ്ദുറഹിമാൻ

മെസിയെ എത്തിക്കുന്നതിൽ സർക്കാർ പരിപാടിയെന്ന രീതിയിലുള്ള ഇടപെടലാണ് താൻ നടത്തിയതെന്ന് വി.അബ്ദുറഹിമാൻ മൊഴി നൽകി. സ്വകാര്യ കമ്പനിക്കു വേണ്ടി ചട്ടം മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. ചോദ്യാവലി തയ്യാറാക്കിയായിരുന്നു അബ്ദുറഹിമാനെ എസ്.ഐ.ടി ചോദ്യംചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA