SignIn
Kerala Kaumudi Online
Sunday, 14 June 2026 10.19 PM IST

ആര്‍എസ്എസ് വേദിയില്‍ വിസിമാര്‍, മുഖ്യമന്ത്രിക്ക് പിന്നാലെ കടുപ്പിച്ച് മന്ത്രി റോജിയും; 'പ്രശ്‌നം അത്യന്തം ഗുരുതം'

READ ENGLISH VERSION
rss

കൊച്ചി: ആര്‍എസ്എസ് വേദിയില്‍ സര്‍വകലാശാലകളിലെ വിസിമാര്‍ പങ്കെടുത്തതിലെ വിവാദം കത്തുന്നു. വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെ താക്കീത് ചെയ്ത് മുഖ്യമന്ത്രി വി.ഡി സതീശന് പിന്നാലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണും രംഗത്ത് വന്നിരിക്കുകയാണ്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ പോയത് അത്യന്തം ഗുരുതരമായ പ്രശ്‌നം എന്നാണ് മന്ത്രി വിമര്‍ശിച്ചത്.

വൈസ് ചാന്‍സലര്‍ പദവി സര്‍വകലാശാലകളുടെ നിഷ്പക്ഷതയുടെ പ്രതീകമാണെന്നും പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങള്‍ക്ക് ഈ പദവികള്‍ വഴിമാറുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്തത് തെറ്റായിപ്പോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വി സിമാരില്‍ നിന്ന് ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, വൈസ് ചാന്‍സലര്‍മാരെ പിന്തുണച്ച് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ വൈസ് ചാന്‍സലര്‍മാരെ വിരട്ടുകയാണെന്നും കഴക്കൂട്ടം എംഎല്‍എ വി. മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. കെ സുരേന്ദനും മുഖ്യമന്ത്രി വി.ഡി സതീശന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

മന്ത്രി റോജി എം ജോണ്‍ പങ്കുവച്ച കുറിപ്പ് ചുവടെ


സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ സര്‍സംഘചാലക് മോഹന്‍ ഭഗവത്തിന്റെ പ്രഭാഷണസഭയില്‍ കേരളത്തിലെ മൂന്ന് സര്‍വ്വകലാശാല വി സിമാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്‌നമാണ്. കേവലം വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം, മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഇത്തരം വേദികള്‍ പങ്കിടുമ്പോള്‍ അത് നല്‍കുന്ന സന്ദേശം വിപരീതമാണ്. വൈസ് ചാന്‍സലര്‍ പദവി എന്നത് ഒരു സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിഷ്പക്ഷതയുടെ പ്രതീകമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങള്‍ക്ക് അക്കാദമിക പദവികള്‍ വഴിമാറുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. നമ്മുടെ സര്‍വ്വകലാശാലകളുടെ മതേതരസ്വഭാവത്തെ അട്ടിമറിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് സര്‍വ്വകലാശാല വി സിമാരില്‍ നിന്നുതന്നെ ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടാകാന്‍ പാടില്ലായിരുന്നു. തെറ്റായിപോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ആവര്‍ത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വിസിമാരില്‍ നിന്ന് ഉണ്ടാകണം. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരവും അക്കാദമിക നിഷ്പക്ഷതയും സംരക്ഷിക്കാനും, വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം തകരാതെ കാത്തുസൂക്ഷിക്കാനും ജനാധിപത്യ സമൂഹവും അക്കാദമിക സമൂഹവും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA