SignIn
Kerala Kaumudi Online
Monday, 01 June 2026 2.28 AM IST

അധികാരപരിധി ലംഘിച്ചു: കുട്ടനാട് എം.എൽ.എയെ വിമർശിച്ച് ജി.സുധാകരൻ

a

ആലപ്പുഴ: കുട്ടനാട്​ എം.എൽ.എ റെജി ചെറിയാനെ രൂക്ഷമായി വിമർ​ശിച്ച്​ ജി.സുധാകരൻ എം.എൽ.എ. ​റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സ്ഥലം എം.എൽ.എയായ സുധാകരനെ അറിയിക്കാതെ സന്ദർശിച്ചതാണ്​ കാരണം​. തോട്ടപ്പള്ളി നന്മഗ്രൂപ്പിന്റെ മെരിറ്റ്​ അവാർഡ്​ വിതരണവേദിയിലായിരുന്നു വിമർശനം.
ഒരു എം.എൽ.എയുടെ മുകളിൽ വേറൊരു എം.എൽ.എ അധികാരം സ്ഥാപിക്കുകയാണ്. അതും ആദ്യമായി എം.എൽ.എ ആയ ആൾ. ജലസേചന വകുപ്പ് മന്ത്രിയുടെ ആളാണ്. തോട്ടപ്പള്ളി സ്പിൽവേയിൽ തകർന്നുകിടക്കുന്ന ഷട്ടർ നന്നാക്കാൻ പറയാൻ എം.എൽ.എയ്ക്ക് ധൈര്യമുണ്ടോ. ഒരു ജനപ്രതിനിധി മറ്റൊരു ജനപ്രതിനിധിയെ കവച്ചുവയ്ക്കാൻ പാടില്ല. റെജി ചെറിയാനെതിരെ താൻ നിയമസഭ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടും. യു.ഡി.എഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ എം.എൽ.എയാണ് റെജി ചെറിയാൻ

കരിമണൽ ലോറികൾ തോട്ടപ്പള്ളിയിൽനിന്ന് ഐ.ആർ.ഇയിലേക്കാണ് പോകുന്നതെന്ന് യാതൊരു ഉറപ്പുമില്ല. പലയിടത്തും കൊണ്ടുപോയി കള്ളക്കടത്ത് നടത്തുകയാണ്. പല തവണ പറഞ്ഞു ഇങ്ങനെ ചെയ്യരുതെന്ന്. ഒരു കളക്ടറും മര്യാദക്ക് ഇത് നോക്കിയില്ല. ഇത് തൊട്ടാൽ പൊള്ളുമെന്ന കാര്യമാണെന്ന മട്ടിൽ കളക്ടർമാർ മാറി നിൽക്കുകയാണെന്നും ജി.സുധാകരൻ പറഞ്ഞു.

മറുപടിയുമായി റെജി ചെറിയാൻ

ആരുടെയും കൈയിൽ നിന്നു പേപ്പർ എഴുതി വാങ്ങിയല്ല താൻ എം.എൽ.എ ആയതെന്ന് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ പ്രതികരിച്ചു. തോട്ടപ്പള്ളിയിൽ പോയത് മണ്ണുവാരി കൊണ്ടു പോകാനല്ല. പൊഴി തുറന്നു കിടക്കുകയാണോ എന്ന് അറിയാനാണ്. അതിനുള്ള അവകാശം കുട്ടനാട് എം.എൽ.എയ്ക്കുണ്ട്. എൻജിനീയറെയടക്കം വിളിച്ചുകൊണ്ടാണ് പോയത്. 35 വർഷത്തെ എൻജിനീയറിംഗ് പരിചയം തനിക്കുണ്ട്. ഈ പറഞ്ഞ മഹാൻ മന്ത്രിയായിരുന്ന കാലത്ത് അവിടെനിന്ന് കരിമണൽ കൊണ്ടുപോയിരുന്നു.

50 ഡിഗ്രി ചൂടിൽ ജോലി ചെയ്താണ് താൻ സ്വന്തം വ്യവസായ സംരംഭം ഉണ്ടാക്കിയെടുത്തത്. എം.എൽ.എമാരുടെ രാജാവാകാൻ ആരും ശ്രമിക്കണ്ട. സ്നേഹവും ബഹുമാനവും തന്നാൽ കൂടെ നിൽക്കും. എവിടെയും കുട്ടനാടിന്റെ കാര്യത്തിനുവേണ്ടി സധൈര്യം നിൽക്കുമെന്നും പ്രതികരിച്ചു.

ജില്ലാപഞ്ചായത്ത്​

പ്രസിഡന്റിനും വിമർശനം


ജില്ലാപഞ്ചായത്ത്​ പ്രസിഡന്റ്​ കെ.ഡി. മഹേന്ദ്രനെതിരെയും ജി.സുധാകരൻ വിമർശനമുന്നയിച്ചു. സ്കൂൾ പ്രവേശനോത്സവം ജില്ല പഞ്ചായത്ത്​ അംഗങ്ങൾ മാത്രം ഉദ്​ഘാടനം ചെയ്താൽ മതിയെന്ന ജില്ല പഞ്ചായത്ത്​ ഉത്തരവിനെതിരെയായിരുന്നു​ പ്രതികരണം​. തലയിൽ ചെളിയുള്ളവർ മാത്രമിറക്കുന്ന ഉത്തരവാണിത്​. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്​ മഹേന്ദ്രന്റെ വിവരക്കേട് കൊണ്ടാണ് ഇതുണ്ടായത്. ഇന്ത്യൻ പ്രസിഡന്റിനേക്കാൾ മുകളിലാണ് ജില്ല പഞ്ചായത്ത്​ അംഗമെന്ന നിലപാടാണ്‌. ജില്ല പഞ്ചായത്തിന് ഇങ്ങനെ പറയാൻ അധികാരമില്ല. അധികാരം എന്തെന്നറിയാത്ത ഇവർ അത് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA