കൊച്ചി: അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പരാതിയിൽ വിദ്യാർത്ഥിക്കെതിരെ കേസ്. കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിലാണ് സംഭവം. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്. കോളേജിലെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
ടെലിഗ്രാമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പരാതി ഉയർന്നതിന് പിന്നാലെ ശ്രീഹരിയെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാളുടെ ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ. സൗമ്യ അറിയിച്ചു.
സെപ്തംബർ ഒന്നാം തീയതിയാണ് കോളേജിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പൂർവ്വ വിദ്യാർത്ഥി ഒരദ്ധ്യാപികയ്ക്ക് വിവരം നൽകുകയായിരുന്നു. അടുത്ത ദിവസംതന്നെ പരാതി പരിശോധിച്ച് കോളേജ് മാനേജ്‌മെന്റ് പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
അതേസമയം, പരാതി ഉയർന്നതിന് പിന്നാലെ ലോക്കൽ ഗാർഡിയനൊപ്പം പോകാൻ ശ്രീഹരിയെ കോളേജ് അധികൃതർ അനുവദിച്ചുവെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ശ്രീഹരിക്കൊപ്പം മറ്റുചില വിദ്യാർത്ഥികൾ കൂടിയുണ്ടെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇവരെക്കുറിച്ച് ശ്രീഹരിതന്നെ വിവരം നൽകുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ആരോപണവിധേയരായ വിദ്യാർത്ഥികളിലൊരാളെ പരീക്ഷ എഴുതാനും അനുവദിച്ചു. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. ആരോപണവിധേയരായ മറ്റ് വിദ്യാർത്ഥികളെയും കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Students at Bharat Mata College, Kochi, are protesting the administration's alleged inaction against students involved in morphing and circulating obscene images of teachers and classmates. A second-year BBA student was expelled and booked after being found to have circulated morphed photos via social media. Protesters demand action against all identified accomplices, alleging the college allowed other accused students to take exams.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |