
ആലപ്പുഴ: നവകേരള ബസിന് നേരെയുണ്ടായ പ്രതിഷേധത്തെ തുടർന്നുണ്ടായ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ ഡി.ജി.പിയുടെ മേൽനോട്ടത്തിൽ അന്വേഷണം വന്നേക്കും. കേസന്വേഷണത്തിൽ എ.ഡി.ജി.പിയുടെ നിർദേശാനുസരണം വൻ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയ സാഹചര്യത്തിലാണിത്.
എസ്.ഐ.ടി തലവനായ എസ്.പി ഷൗക്കത്തലി സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറിയുമായും നിയമ വൃത്തങ്ങളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് ഉന്നതതല അന്വേഷണമെന്ന നിലപാടിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങുന്നത്. എം.ആർ അജിത്കുമാറിനോട് വിശദീകരണം തേടും. മൊഴി രേഖപ്പെടുത്തും. എ.ഡി.ജി.പി ഓഫീസിലെ ഗ്രേഡ് എസ്.ഐമാരും ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും നൽകിയ വിവരങ്ങളനുസരിച്ച്
കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കേണ്ടയാൾ കേസ് ഡയറി തിരുത്തി കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കിയതായാണ് കണ്ടെത്തിയത്. അജിത് കുമാർ ഇത്തരമൊരു ഇടപെടൽ നടത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിൽ നിന്നുള്ള ഇടപെടലുണ്ടെന്ന ആരോപണവും ശക്തമാണ്. പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി.തോമസ് എം.എൽ.എയെയും അജയ് ജ്യുവൽ കുര്യാക്കേസിനെയും മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരുൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്.വധശ്രമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |