തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കൾക്ക് ഉപജീവന മാർഗം ഒരുക്കുന്നതിന് കുടുംബശ്രീക്ക് 90,16,600 രൂപ അനുവദിച്ച് സർക്കാർ. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഉപജീവന പദ്ധതികൾ നടപ്പാക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഈ തുക കുടുംബശ്രീക്ക് നൽകാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകിയിട്ടുണ്ട്.
ടൗൺഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കൾക്ക് മൃഗസംരക്ഷണ പദ്ധതികൾ നടപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ച 90,16,600 രൂപ കുടുംബശ്രീക്ക് കൈമാറുന്നത്.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ദുരന്തബാധിതർക്കായി തയ്യാറാക്കിയ മൈക്രോ പ്ലാൻ പ്രകാരം ദുരന്തബാധിത കുടുംബങ്ങൾക്ക് തിരിച്ചടവില്ലാത്ത രണ്ടു ലക്ഷം രൂപ വീതം ഉപജീവന സഹായമായി നൽകുന്നതിന് ആകെ 5,11,46,850 രൂപ അനുവദിക്കണമെന്ന് വയനാട് ജില്ലാ കളക്ടർ ശുപാർശ ചെയ്തിരുന്നു. ഇതിൽ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾക്കായി അനുവദിച്ച 90,16,600 രൂപയാണ് ഇപ്പോൾ കുടുംബശ്രീക്ക് കൈമാറുന്നത്.
ടൗൺഷിപ്പിലേക്ക് മാറുന്ന കുടുംബങ്ങളുടെ നിലവിലെ സാഹചര്യവും ഉപജീവന ആവശ്യങ്ങളും പരിഗണിച്ചാണ് മൃഗസംരക്ഷണ മേഖലയിലെ ഉപജീവന പദ്ധതികൾ കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്. ഗുണഭോക്താക്കൾക്ക് അനുയോജ്യമായ ഉപജീവന മാർഗങ്ങൾ ഒരുക്കുന്നതിനും സുസ്ഥിര വരുമാന സാധ്യത ഉറപ്പാക്കുന്നതിനുമാണ് തുക വിനിയോഗിക്കുക. ദുരന്തബാധിതരുടെ പുനരധിവാസം താമസസൗകര്യത്തിൽ മാത്രം ഒതുങ്ങാതെ ഉപജീവനവും വരുമാനസുരക്ഷയും കൂടി ഉറപ്പാക്കുന്ന തരത്തിൽ സമഗ്രമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |