SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

വെടിക്കെട്ട് ദുരന്ത കാരണം ചൂടല്ല, ഷോർട്ട് സർക്യൂട്ട് ?

mundathikode-explosion

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന് ഇടയാക്കിയത് കനത്ത ചൂടല്ലെന്നാണ് പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് സാദ്ധ്യതയാണ് പെസോ പ്രധാനമായും പരിശോധിക്കുന്നത്. വേനൽച്ചൂട് മൂലം സ്‌ഫോടകവസ്തുക്കൾ തനിയെ പൊട്ടിത്തെറിക്കാൻ സാദ്ധ്യത കുറവാണ്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന പൂർത്തിയായി. ചൂട് കൊണ്ട് സംഭവിച്ച ദുരന്തമല്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും നിഗമനമെന്നാണ് വിവരം. അപകടകാരണം സംബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാണ്. അപകടം നടന്ന സ്ഥലത്ത് വൈദ്യുതി പോസ്റ്റുണ്ട്. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വെടിക്കെട്ട് നിർമ്മാണത്തിന് ലൈസൻസുണ്ടെങ്കിലും സുരക്ഷാക്രമീകരണം പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.

അളവിൽ കൂടുതൽ വെടിക്കെട്ട് സാമഗ്രികൾ ഉണ്ടായിരുന്നോ എന്നതും തൊഴിലാളികൾക്ക് പരിചയക്കുറവുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. സ്‌ഫോടക സാമഗ്രികൾ ഉപയോഗിച്ചതിലെ പ്രശ്‌നം ആണോയെന്നും കണ്ടെത്തും. അപകടത്തിന്റെ പശ്ചാത്തലത്തിൽ, പാറമേക്കാവ് ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പാലക്കാട്ടെ പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.

നിരോധിച്ച വസ്തുക്കൾക്ക് സാദ്ധ്യതയില്ല

ഉഗ്രസ്‌ഫോടനത്തിന് വഴിയൊരുക്കുന്ന, നിരോധിച്ച പൊട്ടാസ്യം ക്ലോറേറ്റ് അടക്കമുള്ളവ ഉപയോഗിച്ചിട്ടില്ലെന്നാണ് നിഗമനം. അടുത്തെങ്ങും ഇത് ഉത്സവങ്ങളിലോ മറ്റോ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിക്കാൻ സാദ്ധ്യതയുള്ള പദാർത്ഥങ്ങളുമായി ചേർക്കുമ്പോൾ ഇത്തരം രാസവസ്തുക്കൾ വലിയ പൊട്ടിത്തെറിക്ക് കാരണമാകാം. അമിതമായ ചൂടോ, ഘർഷണമോ ഉണ്ടായാലും സ്‌ഫോടനത്തിന് കാരണമാകും. കടും നിറങ്ങളുണ്ടാക്കാനും പലതരം വസ്തുക്കൾ ചേർക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA