SignIn
Kerala Kaumudi Online
Saturday, 24 October 2026 2.46 AM IST

'എന്നെ കൂടെ കൊന്നിട്ട് പോകാൻ പറ'; സുധാകരന്റെ മകൾ അഖില

a

പാലക്കാട്: ചെന്താമര നിരന്തരം വധഭീഷണി മുഴക്കിയിരുന്നെന്നും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായും കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.ഭീഷണിയുണ്ടെന്ന് കാണിച്ച് അച്ഛനും ഞാനും കൂടെ ഡിസംബർ 29ന് പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ, അവർ കാര്യമായി എടുത്തില്ല. പ്രതി സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയെ പൊലീസ് വിളിച്ചുവരുത്തിയപ്പോൾ ഞാൻ ഇനി ഒന്നും ചെയ്യില്ല എന്നാണ് പറഞ്ഞത്. അയാൾ എന്തെങ്കിലും കള്ളം പറഞ്ഞാൽ അതും വിശ്വസിച്ച് പൊലീസ് വെറുതെ വിടുകയാണോ വേണ്ടത്. പരാതി അന്വേഷിക്കാൻ രണ്ടു പൊലീസുകാർ വന്നിരുന്നു. അവരോട് അയാൾ വസ്ത്രം എടുക്കണോ എന്നു തമാശയിൽ ചോദിച്ചു. ഇനിയും അയാളെ ആ ജയിലിലേക്ക് കയറ്റാനല്ലേ കൊണ്ടുപോകുന്നത്. എന്റെ അച്ഛനും അച്ചമ്മയുമാണ് പോയത്. എനിക്ക് ഇനി ആരാണുള്ളത്. അല്ലെങ്കിൽ ഇനി എന്നെ കൂടെ കൊന്നിട്ട് പോകാൻ പറ' അഖില മാദ്ധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ടു പറഞ്ഞു.

 കൊലയ്ക്കു മുമ്പ് വടിവാൾ ഉയർത്തി ഭീഷണി മുഴക്കിയിരുന്നു

കൃത്യത്തിന് തൊട്ടുമുൻപ് സുധാകരനേയും ലക്ഷ്മിയേയും കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ ഉയർത്തി ചെന്താമര അയൽവാസികളെ ഭീഷണിപ്പെടുത്തിയിരുന്നു. സുധാകരനെ വകവരുത്തുമെന്നും ചെന്താമര വിളിച്ചു പറഞ്ഞതായും അയൽവാസി വ്യക്തമാക്കി. പ്രതിയെ സംരക്ഷിച്ചത് അയാളുടെ കുടുംബമാണെന്നും ഇയാൾ മാനസിക രോഗിയെന്ന് വരുത്തി തീർക്കുകയാണെന്നും അയൽവാസികൾ പറഞ്ഞു. ആദ്യത്തെ കൊലപാതകത്തിന് ശേഷം പ്രതിക്ക് ജാമ്യം എടുക്കാൻ സഹായിച്ചതും കുടുംബമാണെന്നും വീട്ടിൽ ആയുധം ഉൾപ്പടെ സൂക്ഷിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

 വടിവാൾ കണ്ടെത്തി

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാളും പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്കോ അല്ലെങ്കിൽ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്കോ പോയിരിക്കാം. അതിനാൽ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിഷം കഴിച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവ മുൻനിർത്തി പൊലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തുകയാണ്. പ്രതിയെ ഉടൻ തന്നെ പിടികൂടാനാകുമെന്നും പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA