
തിരുവനന്തപുരം: നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്ന് നടത്തുന്ന ക്യാൻസർ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സൗജന്യ ക്യാൻസർ രോഗനിർണ്ണയ മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ക്യാൻസർ അവബോധം സൃഷ്ടിക്കുകയും നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയുമാണ് സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, ആർമി, കോസ്റ്റ് ഗാർഡ് എന്നിവയുമായി ചേർന്ന് നടത്തുന്ന പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രദേശങ്ങളിൽ വിവിധ സംഘടനകളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം 15 മുതൽ ആരംഭിക്കും. പാറശാല മുതൽ തിരുവനന്തപുരം നഗരം വരെയുള്ള പ്രദേശങ്ങളിൽ നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിലും തിരുവനന്തപുരം മുതൽ ആയൂർ വരെയുള്ള ഭാഗങ്ങളിൽ ശ്രീഗോകുലം മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിലുമാണ് ക്യാമ്പുകളും ബോധവത്കരണവും നടക്കുന്നത്. കൺസൾട്ടേഷൻ, അൾട്രാസൗണ്ട് പരിശോധന, ഐ-ബ്രെസ്റ്റ് സ്ക്രീനിംഗ്, പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് ക്യാൻസർ നിർണ്ണയ ടെസ്റ്റായ പ്രോസ്ട്രേറ്റ് സ്പെസിമെൻ ആന്റിജൻ ടെസ്റ്റ്, സ്ത്രീകളിലെ ഓവേറിയൻ ക്യാൻസർ മാർക്കർ പരിശോധന തുടങ്ങി 6,000 രൂപയുടെ പരിശോധനകളാണ് ക്യാമ്പിലൂടെ ലഭ്യമാക്കുക. തുടർ ചികിത്സകൾക്കും പ്രത്യേക സൗകര്യമുണ്ടാക്കും.
രണ്ടാംഘട്ടത്തിലെ ആദ്യ മെഗാ ക്യാമ്പ് 15ന് ബേക്കറി ജംഗ്ഷനിലുള്ള നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ നടക്കും. മാർച്ച് 31നകം നെടുമങ്ങാട്, അമ്പൂരി, വിഴിഞ്ഞം, വട്ടിയൂർക്കാവ്, പൂവാർ, വെള്ളറട, കാട്ടാക്കട, പാറശാല, കോവളം തുടങ്ങിയ സ്ഥലങ്ങളിൽ പത്തോളം മെഗാ ക്യാമ്പുകൾ നടക്കും. ബോധവത്കരണത്തിലൂടെയും രോഗനിർണ്ണയത്തിലൂടെയും പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ തേടുകയും ജീവിതശൈലിയിൽ മാറ്റംവരുത്തി അപകടസാദ്ധ്യത മുൻകൂട്ടി കണ്ടെത്തി ഒഴിവാക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.എം.വി.പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിംസ് മെഡിസിറ്റി എം.ഡി. എം.എസ്.ഫൈസൽഖാൻ, സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്, സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി അഡ്വ. അമ്പിളി ജേക്കബ്, മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |