
അരീക്കോട് (മലപ്പുറം): 'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്' എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തിരിച്ചടിയായതായി മുൻമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.രാജീവ്. ആ മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല എന്നാണ് പാർട്ടി വിലയിരുത്തിയത്. ആളുകൾക്കിടയിൽ അത് മറ്റൊരു ബോധം രൂപപ്പെടുത്തി. അരീക്കോടിൽ 'ഇ.എം.എസിന്റെ ലോകം' എന്ന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സമരമുറകൾ ആവശ്യമാണ്. ഇന്നലെകളുടെ തനിയാവർത്തനങ്ങൾ കൊണ്ട് ഇന്നത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. ഇന്നിനെ മനസിലാക്കണം, അതിന് പറ്റുന്ന തന്ത്രങ്ങൾ ആവിഷ്‌കരിക്കണം. ഇന്നിന് പറ്റുന്ന പാർട്ടിയായി മാറണം. എങ്കിലേ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനാവൂ. ചില വിഷയങ്ങളിലെ വീഴ്ചകൾ കമ്പ്യൂട്ടറിൽ ചെയ്യുന്ന പോലെ അൺഡൂ ചെയ്യാൻ പറ്റില്ല. അനുഭവത്തിൽ നിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസിലായി.
ശബരിമല സ്വർണക്കൊള്ളയിൽ അപ്പോൾ തന്നെ നടപടിയെടുത്ത് പോകണമായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തിയിട്ടുണ്ട്. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി സമയത്തും പാർട്ടി പരിശോധന നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ മറികടക്കുമെന്നാണ് കരുതിയതെന്നും രാജീവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |