
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ നടപടിയെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവായതോടെ ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കാനാകാത്തത് വിവാദമാക്കി പ്രതിപക്ഷം. പൗരന്മാരുടെ അവകാശങ്ങൾ എങ്ങനെ ഇല്ലാതാകുന്നു എന്നതിന്റെ തെളിവാണിതെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം തുടങ്ങിയ പാർട്ടികൾ ആരോപിച്ചു.
2026 മാർച്ച് 19ൽ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പൊലീസ് വെരിഫിക്കേഷൻ തടസപ്പെട്ടെന്ന് രാജഗോപാൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എസ്.ഐ.ആർ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് രാജഗോപാൽ.
ബി.ജെ.പിയുടെ വിഭജന ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ എസ്.ഐ.ആർ ഉപയോഗപ്പെടുത്തുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും സംഭവം ഞെട്ടിക്കുന്നതാണെന്ന് തൃണമൂൽ എം.പി സാഗരിക ഘോഷും പറഞ്ഞു. രാജ്യം ഇപ്പോൾ എത്തിയിരിക്കുന്ന അവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് രാജ്യസഭാ എം.പി വിവേക് തൻഖ പറഞ്ഞു. ടെലഗ്രാഫ് എഡിറ്റർ ആയിരിക്കെ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും എതിരെ നിലപാടെടുത്തതിന്റെ പേരിൽ രാജഗോപാലിനെ വേട്ടയാടുകയാണെന്നും ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |