
തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ മുൻ ഗവർണർ ആർ.വി ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത് സബ്മിഷനായി ഉന്നയിക്കാനുള്ള പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നീക്കം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തടഞ്ഞു. രാഷ്ട്രപതിയും ഗവർണറും ഉൾപ്പെടുന്ന വിഷയങ്ങൾ സഭയിൽ ഒഴിവാക്കണമെന്ന റൂൾബുക്കിലെ വ്യവസ്ഥ
ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ചട്ടം 284 (5) പ്രകാരം ഉന്നത സ്ഥാനത്തുള്ളവരുടെ പെരുമാറ്റത്തെ ആക്ഷേപിക്കുന്ന കാര്യങ്ങൾ പറയാനാവില്ലെന്നും സ്പീക്കർ റൂളിംഗ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം നേരത്തേ കൊണ്ടുവന്നിരുന്നു. ഇത് ഭരണഘടനാ പ്രശ്നവും സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായി ബാധിക്കുന്നതാണ്. അതിനാൽ സബ്മിഷൻ ഒഴിവാക്കണമെന്നും വളരെ സീനിയറായ പിണറായി റൂളിംഗ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്കർ പറഞ്ഞു. എന്നാൽ പിണറായി വഴങ്ങിയില്ല.
ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്നും സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രശ്നമാണെന്നും പിണറായി പറഞ്ഞു. മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാനാവൂ. ഏറ്റവുമൊടുവിൽ കർണാടക ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കുകയും സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട് . ഇവിടെയും അത്തരത്തിൽ ഒരു പ്രശ്നമാണുണ്ടായിരിക്കുന്നത്. പി.എസ്.സി ഭരണഘടനാ സ്ഥാപനമാണ്- പിണറായി പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രി വി.ഡി സതീശൻ സ്പീക്കർ റൂളിംഗ് നൽകിയിട്ടും പ്രതിപക്ഷനേതാവ് വീണ്ടും ഈ വിഷയം ഉന്നയിക്കുകയാണെങ്കിൽ സർക്കാരിനും മറുപടി പറയാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ടു. സർക്കാരിന് സുവ്യക്തമായ അഭിപ്രായമുണ്ട്. അതോടെ, സബ്മിഷൻ ഒഴിവാക്കണമെന്നും പിണറായിയോട് പ്രത്യേകമായി സംസാരിക്കാമെന്നും സ്പീക്കർ അറിയിച്ചു. എന്നിട്ടും പിണറായി ഇരുന്നില്ല. തുടർന്ന് സബ്മിഷൻ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയാണെന്നും ദയവായി അംഗീകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് അവസരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാരിന്റെ നിലപാട് അറിയാതെ പോവുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭൂഷണമല്ലെന്നും തുടർന്ന് പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |