SignIn
Kerala Kaumudi Online
Monday, 29 June 2026 1.39 AM IST

കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ സ്വർണാഭരണം മോഷ്ടിച്ചു; ആരോപണ നിഴലിൽ മുൻ എസ്.എച്ച്.ഒ

a

മലപ്പുറം:കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിന് പിന്നിൽ മുൻ എസ്.എച്ച്.ഒയെന്ന് ആരോപണം.ലഹരി മാഫിയയുമായുള്ള ബന്ധത്തിന്റെ പേരിൽ നിലവിൽ സസ്‌പെൻഷനിലാണിയാൾ. ആഭരണങ്ങൾ മോഷണം പോയ സമയത്ത് സ്‌റ്റേഷനിലെ എസ്.എച്ച്.ഒയായിരുന്നു.സംഭവം വിവാദമായതോടെ സ്വർണാഭരണങ്ങൾ തിരിച്ചേൽപ്പിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും മേലുദ്യോഗസ്ഥർ ഇടപ്പെട്ടതോടെ അതിന് സാധിച്ചില്ലെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങളുടെ കുറവ് കണ്ടെത്തിയത്.മോഷണം പോയത് 2025 മാർച്ചിലാണെന്നാണ് നിഗമനം. എസ്.എച്ച്.ഒയ്ക്കാണ് വിലപിടിപ്പുള്ള വസ്തുക്കളുടെ ഉത്തരവാദിത്വം.

കരിപ്പൂർ വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലുമായി പൊതുജനങ്ങൾക്ക് കളഞ്ഞുകിട്ടിയതും വിവിധ കേസുകളുടെ ഭാഗമായി ലഭിച്ചതുമായ സ്വർണമാണ് മോഷണം പോയത്. 2018ൽ ലഭിച്ച ബ്രേസ്‌ലെറ്റ്, 2024 ഒക്ടോ‌ബറിൽ കരിപ്പൂർ വിമാനത്താവള ടെർമിനലിന് മുന്നിൽ നിന്നു ലഭിച്ച മാലയും കമ്മലും മോതിരവും,​ ഇതേ മാസം ലഭിച്ച നാല് പവന്റെ മാല എന്നിവയാണ് കാണാതായത്.


വിമാനത്താവള പരിസരത്ത് നിന്ന് കളഞ്ഞ് കിട്ടുന്ന വസ്തുക്കൾ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് നാട്ടുകാർ ഏൽപ്പിക്കാറുള്ളത്. തുടർന്ന് കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ രജിസ്റ്ററിൽ രേഖപ്പെടുത്തും. ഉടമസ്ഥർ തെളിവ് സഹിതമെത്തിയാൽ കൈമാറും. കാണാതായ ആഭരണങ്ങൾ തേടി ആരും എത്തിയിട്ടില്ലെന്നാണ് രേഖകൾ പറയുന്നത്. അവ കരിപ്പൂർ സ്റ്റേഷനിലെ ലോക്കറിൽ ഉണ്ടാകേണ്ടതാണ്.എന്നാൽ ലോക്കർ ശൂന്യമാണ്.

അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ പറയുന്നു.എസ്.പി,​ ഡി.ഐ.ജി വഴി ഐ.ജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA